
അമൃത്സര്‍: ചൊവ്വാഴ്ച രാത്രി പഞ്ചാബിലെ അമൃത്സറിലും ജലന്ധറിലുമുണ്ടായ രണ്ട് സംഭവങ്ങള്‍ പരിഭ്രാന്തി പരത്തി. തീപിടുത്തവും സ്ഫോടനവുമാണ് ഉണ്ടായത്. പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് തൊട്ടടുത്താണ് ഈ രണ്ട് സംഭവങ്ങളും ഉണ്ടായത്.
ആദ്യത്തെ സംഭവം രാത്രി 8 മണിയോടെ ജലന്ധറിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ആടഎ) ആസ്ഥാനത്തിന്റെ പ്രധാന കവാടത്തിന് പുറത്താണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ ആസ്ഥാനത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. സ്ഫോടനത്തിന്റെ ആഘാതം ഏകദേശം 300 മീറ്റര്‍ അകലെ വരെ അനുഭവപ്പെട്ടു.
ഒരു കാറിന്റെ ജനലുകളും ഒരു കടയുടെ ഗ്ലാസ് പാളികളും തകരുകയും മറ്റ് പലയിടങ്ങളിലും വിള്ളലുകള്‍ വീഴുകയും ചെയ്തു. ഒരു കിലോമീറ്റര്‍ അകലെ വരെ സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞെങ്കിലും, അത് സ്ഫോടനമാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പോലീസ് കമ്മീഷണര്‍ ധന്‍പ്രീത് കൗര്‍ പറഞ്ഞു.
പരിസര പ്രദേശങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്തുവരികയാണ്. സാങ്കേതിക തകരാറുകള്‍, പുറത്തുനിന്നുള്ള ഇടപെടലുകള്‍ തുടങ്ങി സാധ്യമായ എല്ലാ വശങ്ങളും അന്വേഷണ പരിധിയിലുണ്ട്.
തീപിടുത്തത്തിന് അസാധാരണമായ തീവ്രതയുണ്ടായിരുന്നതായും, ഇത് പൂര്‍ണ്ണമായും അണയ്ക്കാന്‍ ഒന്നിലധികം അഗ്നിശമന യൂണിറ്റുകള്‍ ആവശ്യമായി വന്നതായും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രണ്ട് മണിക്കൂറിന് ശേഷം, ഏകദേശം 100 കിലോമീറ്റര്‍ അകലെ അമൃത്സറിലെ അട്ടാരി റോഡിലുള്ള കരസേനയുടെ ഖാസ ക്യാമ്പിന്റെ ചുറ്റുമതിലിന് സമീപം മറ്റൊരു സ്ഫോടനമുണ്ടായി. ഒരു ലോഹഷീറ്റിന്റെ അവശിഷ്ടങ്ങള്‍ മതിലില്‍ തറച്ച നിലയില്‍ കണ്ടെത്തിയതായി അമൃത്സര്‍ റൂറല്‍ സീനിയര്‍ സൂപ്രണ്ട് സുഹൈല്‍ ഖാസിം മിര്‍ പറഞ്ഞു.
ആരെങ്കിലും മതിലിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതാകാം സ്ഫോടനത്തിന് കാരണമായതെന്ന് ഇത് സൂചിപ്പിക്കുന്നു. മുഖംമൂടി ധരിച്ചെത്തിയ വ്യക്തികളാണ് ആക്രമണം നടത്തിയതെന്നും തുടര്‍ന്ന് ഇവര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായും വിവരങ്ങളുണ്ട്.






