
ചങ്ങനാശ്ശേരി: സംസ്ഥാനത്തെ നയിക്കാന്‍ കഴിവും പ്രവൃത്തിപരിചയവുമുള്ള ആരെ മുഖ്യമന്ത്രിയാക്കിയാലും എന്‍എസ്എസ് സ്വാഗതം ചെയ്യുമെന്ന് സുകുമാരന്‍ നായര്‍. വി.ഡി. സതീശന് മാപ്പു പറയാനുള്ള സമയം കഴിഞ്ഞെന്നും സതീശന്റെ ചില നിലപാടുകളോട് എന്‍എസ്എസിന് ഇപ്പോഴും വിയോജിപ്പുണ്ടെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വ്യക്തിപരമായ കഴിവുകള്‍ കൊണ്ടല്ലെന്നും പറഞ്ഞു.
രമേശ് ചെന്നിത്തലയെ ഉന്നമിട്ടുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായ പ്രകടനം വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. സമുദായത്തിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും സമദൂര നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ജനാധിപത്യത്തിന്റെ കരുത്താണ്. രാഷ്ട്രീയമായ ആഭ്യന്തര പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഭരണത്തില്‍ മനംമടുത്ത ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്തതാണ് യുഡിഎഫിന്റെ മുന്നേറ്റത്തിന് കാരണമായതെന്നും പറഞ്ഞു.
വി.ഡി. സതീശനെയാണ് പാര്‍ട്ടി മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നതെങ്കില്‍ അത് അംഗീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമുദായത്തിന് അര്‍ഹമായത് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും അവിഹിതമായി ഒന്നും നേടിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതേസമയം തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് കോണ്‍ഗ്രസ് നേതൃത്വം.
എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ പ്രമുഖ നേതാക്കള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. കെ.സി. വേണുഗോപാല്‍ 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നു. രമേശ് ചെന്നിത്തല 25 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് കരുതുന്നു. വി.ഡി. സതീശന് 25 എംഎല്‍എമാരുടെ പിന്തുണ പ്രതീക്ഷിക്കുന്നു. സാഹചര്യം വിലയിരുത്താന്‍ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും തിരുവനന്തപുരത്തെത്തും. നിയമസഭാ കക്ഷി യോഗത്തിന് മുന്‍പായി എംഎല്‍എമാരുമായി ഇവര്‍ നേരിട്ട് ചര്‍ച്ച നടത്തും.






