
പ്രയാഗ്രാജ്: അകന്നു കഴിയുന്ന ഭർത്താവിനെ വ്യാജ ഇൻസ്റ്റ അക്കൗണ്ടിലൂടെ പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി അറസ്റ്റ്ചെയ്യിച്ചു! ജഗ്പുര ഗ്രാമത്തിലെ സോണി ത്രിപാഠി എന്ന യുവതിയാണ് ഭർതൃഗൃഹത്തിൽ തനിക്കേറ്റ പീഡനങ്ങൾക്ക് ഇൻസ്റ്റാഗ്രാമിന്റെ സഹായത്തോടെ പ്രതികാരം ചെയ്തത്.
ഭർത്താവ് പ്രഭുദത്ത് ക്രൂരമായി മർദിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് കഴിഞ്ഞ നാല് വർഷമായി മാതാപിതാക്കൾക്കൊപ്പമായിരുന്നു സോണി താമസിക്കുന്നത്. ഇവർ ഇൻസ്റ്റയിൽ ഒരു വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് പ്രഭുദത്തുമായി സൗഹൃദത്തിലായി. അയാൾ സോണിയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചു. ഹോട്ടലിൽ വച്ച് കാണാമെന്ന് പല തവണ ഇയാൾ പറഞ്ഞു എങ്കിലും സോണി സമ്മതിച്ചില്ല.
പിന്നീട്, ഒരു ക്ഷേത്രത്തിൽ വച്ച് തമ്മിൽ കാണാമെന്ന് സോണി സമ്മതിച്ചു. ഒരു സുഹൃത്തിനൊപ്പമാണ് പ്രഭുദത്ത് ക്ഷേത്രത്തിൽ എത്തിയത്. സ്കാർഫ് വച്ച് മുഖം മറച്ചാണ് സോണി എത്തിയത്. സ്വന്തം ഭാര്യയാണ് മുന്നിൽ നിൽക്കുന്നതെന്ന് മനസ്സിലാക്കാതെ അയാൾ സംസാരിച്ചു തുടങ്ങിയപ്പോൾ സോണി സ്കാർഫും കണ്ണടയും മാറ്റി. തന്നെ വിളിച്ചുവരുത്തിയത് ഭാര്യ ആണെന്ന് മനസ്സിലായതോടെ പ്രഭുദത്ത് അവരെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്ഥലംവിടാൻ ശ്രമിക്കുകയുമായിരുന്നു.
അതേസമയം, അൽപ്പം മാറിനിൽക്കുകയായിരുന്ന സോണിയുടെ കുടുംബാംഗങ്ങൾ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.






