
ബെംഗളൂരു; ഗേ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവ സിവിൽ എഞ്ചിനിയറെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേൽപ്പിക്കുകയും ഫോണും പണവും അപഹരിക്കുകയും ചെയ്തു. കെണിയൊരുക്കിയ നാലംഗ സംഘത്തെ ബംഗളൂരു പൊലീസ് ബുധനാഴ്ച അറസ്റ്റുചെയ്തു.
പരാതിക്കാരനായ യുവാവ് കഴിഞ്ഞ മൂന്ന് വർഷമായി 'ഗ്രിൻഡർ' എന്ന ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. ആപ്പിലൂടെ പരിചയപ്പെട്ട ഒരാൾ യുവാവിനെ പാലനഹള്ളി ഗേറ്റിന് സമീപം കാണാനായി വിളിച്ചുവരുത്തി. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ സ്ഥലത്തെത്തിയ യുവാവിനെ പ്രതികൾ തടഞ്ഞുനിർത്തുകയും വിജനമായ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോവുകയും ചെയ്തു.
വിജനമായ സ്ഥലത്ത് എത്തിയതോടെ, സ്വകാര്യ വിവരങ്ങൾ വീട്ടുകാരെയും സുഹൃത്തുക്കളെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ പണം ആവശ്യപ്പെട്ടു. യുവാവ് എതിർത്തതോടെ പ്രതികൾ കത്തി ഉപയോഗിച്ച് തലയിലും കൈയിലും വയറ്റിലും ഒന്നിലധികം തവണ കുത്തി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തി. യുവാവിന്റെ ഫോൺ കൈക്കലാക്കിയ പ്രതികൾ യുപിഐ വഴി 16,000 രൂപ തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം സ്ഥലം വിട്ടു.
പരിക്കേറ്റ യുവാവ് സുഹൃത്തിനെ വിവരമറിയിച്ചതിനെ തുടർന്ന് ബല്ലാരി റോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യെലഹങ്ക പൊലീസ് ഭാരതീയന്യായ സംഹിതയിലെ സെക്ഷൻ 311 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ദർശൻ, രാജേഷ് (ഇരുവരും 19 വയസ്സ്) എന്നിവരും മറ്റ് രണ്ട് പ്രായപൂർത്തിയാവാത്തവരുമാണ് പിടിയിലായത്. നാലുപേരും സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരും നിലവിൽ തൊഴിലില്ലാത്തവരുമാണെന്ന് പൊലീസ് അറിയിച്ചു.






