
തിരുവനന്തപുരം: കെ.സി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നത് അനൗചിത്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ നിരീക്ഷകരെ അറിയിച്ചതായി റിപ്പോർട്ടുകൾ. എംപിമാർക്ക് സീറ്റ് നൽകുന്നില്ല എന്നായിരുന്നു തീരുമാനം. തീരുമാനം മറികടക്കുന്നത് ഉപതെരഞ്ഞെടുപ്പിലേക്ക് നയിക്കും. ഇതിൽ ബിജെപിയുടെ നിലപാട് നിർണായകമായേക്കുമെന്നും നേതാക്കൾ പറഞ്ഞതായാണ് സൂചന.
അതേസമയം, കൂടുതൽ എംഎൽഎമാർ തങ്ങൾക്കൊപ്പം ഉണ്ടെന്ന് കെ.സി പക്ഷം അവകാശപ്പെടുന്നു. ഹൈക്കമാൻഡിലും കെ.സിക്ക് മേൽക്കൈയുണ്ട്. ഇത് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള ഏറ്റവും നല്ല അവസരമായാണ് കെസി വേണുഗോപാലും കരുതുന്നത്.
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനാണ് വേണുഗോപാൽ എങ്കിലും രാഹുൽ ഈ വിഷയത്തിൽ മനസ്സുതുറന്നിട്ടില്ല. ജനവികാരം മാനിക്കുകയും വിഡി സതീശനെ അനുനയിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കും ഹൈക്കമാൻഡിനു മുന്നിലുള്ള വലിയ വെല്ലുവിളി. മുഖ്യമന്ത്രിയാകുന്നതിന് ഭരണപരിചയം മാനദണ്ഡമാവില്ല എന്ന് ഉദാഹരണങ്ങളിലൂടെ വിഡി സതീശൻ പറഞ്ഞുകഴിഞ്ഞു. മുഖ്യമന്ത്രി ആയില്ല എങ്കിൽ ഭരണത്തിൽ പങ്കാളിയാവില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
യുഡിഎഫിലെ ഏറ്റവും വലിയ ഘടകകക്ഷിയായ മുസ്ലീംലീഗും ജനവികാരം മാനിക്കണമെന്ന ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അവർ ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ബിജെപിയുടെ ശോഭാ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത് ഒതുങ്ങിയെങ്കിലും ശക്തമായ വെല്ലുവിളി ഉയർത്തി വോട്ട്വിഹിതം കുത്തനെ വർധിപ്പിച്ചിരുന്നു.







Comments