
ചെന്നൈ: ബിജെപിയെ എതിർക്കുന്നതുകൊണ്ട് മന്ത്രിസഭാ രൂപീകരണത്തിൽ വിജയ്ക്ക് മേൽ സമ്മർദം ചെലുത്തുന്നു എന്ന ആരോപണങ്ങൾ തള്ളി പാർട്ടിയുടെ തമിഴ്നാട് ഘടകം. ടിവികെ ഭൂരിപക്ഷം തെളിയിച്ചാൽ ഗവർണർ സർക്കാർ രൂപീകരിക്കാനുള്ള നിർദ്ദേശം അംഗീകരിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് നാരായണൻ തിരുപ്പതി പറഞ്ഞു.
നടൻ വിജയ്യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷമുണ്ടെന്ന് ഗവർണർ ആർ.വി അർലേക്കർക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. ഇതൊരു തൂക്കുസഭയാണ്. ടിവികെക്ക് നിലവിൽ ഭൂരിപക്ഷമില്ല. അവർ അത് തെളിയിക്കണം. ഭൂരിപക്ഷം തെളിയിച്ചാൽ ഗവർണർ ഭരണഘടനാപരമായി അത് സ്വീകരിക്കും. ഗവർണർക്ക് ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല എന്നും തിരുപ്പതി പറഞ്ഞു.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും എല്ലാം ഭരണഘടനാപരമായി മാത്രമേ നടക്കൂ എന്നും ആരോപണങ്ങളെ തള്ളി തിരുപ്പതി പറഞ്ഞു. വിജയ് രണ്ടാമതും ഗവർണറെ കണ്ടിരുന്നു എങ്കിലും സർക്കാർ രൂപികരണത്തിന് അനുകൂല നിലപാട് ഉണ്ടായില്ല.






