
ബഡായി ബംഗ്ലാവ് എന്ന സെലിബ്രിറ്റി - കോമഡി ചാറ്റ് ഷോയിലൂടെയാണ് ആര്യ ബാബുവിനെ ആദ്യമായി മലയാളികള്‍ പരിചയപ്പെടുന്നത്. പിന്നീട് അവതാരകയായും അഭിനേത്രിയായുമൊക്കെ ആര്യ തിളങ്ങി. ആദ്യമായി ഐഡന്റിറ്റി തന്നത് ബഡായി ബംഗ്ലാവായതു കൊണ്ട് ആര്യ തന്റെ പേരിനൊപ്പം ബഡായി എന്നും ചേര്‍ത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം ആര്യയുടെ പേര് ആര്യ ബഡായി എന്നാണ്.
അഭിനേത്രി എന്നതിലുപരി ഒരു ബിസിനസ്സ് വിമണ്‍ കൂടിയാണ് ആര്യ. ‘കാഞ്ചീവരം’ എന്ന പേരിലുള്ള ആര്യയുടെ സാരി ബ്രാന്‍ഡിന് ഒരുപാട് കസ്റ്റമേഴ്സുണ്ട്. സാരി വില്‍പ്പന രംഗത്ത് വിജയിക്കാൻ കഴിഞ്ഞയാളാണ് ആര്യ. സോഷ്യല്‍ മീഡിയയിലും സജീവമായ ആര്യ തന്റെ സാരി ബിസിനസ്സിനെക്കുറിച്ചും വ്യക്തിപരമായ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം ആര്യ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. ഒരു സെലിബ്രിറ്റി സാരി ബ്രാൻഡ് ലോഞ്ച് ചെയ്തതിനെക്കുറിച്ചും തനിക്ക് വന്ന ഒരു മുറിവിനെക്കുറിച്ചുമാണ് ആര്യ സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. അന്നു തന്നെ വേദനിപ്പിച്ച ആളുകളാണ് ഈ പുതിയ സാരി ബ്രാൻഡ് ലോഞ്ച് ചെയ്തിരിക്കുന്നതെന്നും താന്‍ അനുഭവിച്ച ആ വേദന എന്താണെന്ന് ഇപ്പോൾ അവര്‍ക്ക് ഒരുപക്ഷേ മനസ്സിലാകുമായിരിക്കും എന്നുമാണ് ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
‘‘സാരി ബ്രാൻഡുകൾ ലോഞ്ച് ചെയ്യുന്നത് ഇന്ന് ദിനംപ്രതി നടക്കുന്ന കാര്യമാണ്. എന്നാൽ ഒരു സെലിബ്രിറ്റി ഇന്ന് സാരി ബ്രാൻഡ് ലോഞ്ച് ചെയ്തത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. ഏഴ് വർഷമായുള്ള ‘കാഞ്ചീവര’ത്തിന്റെ യാത്രയിൽ ഒരു സംരഭക എന്ന നിലയിൽ എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമുണ്ട്. ഞാൻ നിസഹായയാകുകയും നിരാശയാകുകയും ചെയ്ത സംഭവം. ആ സംഭവം എന്നെ വല്ലാതെ അലട്ടിയിരുന്നു, വളരെക്കാലം ഞാൻ അതിന്റെ വിഷമത്തിലായിരുന്നു. കുറേക്കാലത്തേക്ക് ഞാൻ മാനസികമായി തളർന്നിരുന്നു...
ഇന്ന് ഈ ബ്രാൻഡ് ലോഞ്ച് ചെയ്ത അതേ ആളുകൾ തന്നെയാണ് അന്ന് ആ സംഭവത്തിന് പിന്നിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ എനിക്ക് ഇതിലപ്പുറം സന്തോഷിക്കാൻ മറ്റൊന്നുമില്ല. ഞാൻ അനുഭവിച്ച ആ വേദന എന്താണെന്ന് ഇപ്പോൾ നിങ്ങൾക്ക് ഒരുപക്ഷേ മനസ്സിലാകുമായിരിക്കും. അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു...
ഇത്തരം കാര്യങ്ങൾ പരസ്യമായി പറയുന്ന ഒരാളല്ല ഞാൻ, പക്ഷേ ഇന്ന് എനിക്ക് നിയന്ത്രിക്കാനായില്ല. അതിനർത്ഥം ആ സംഭവം എന്നെ അത്രത്തോളം വേദനിപ്പിച്ചിരുന്നു എന്നാണ്, ആ മുറിവ് ഇപ്പോഴും ഉള്ളിലുണ്ട് എന്നുമാണ്...’’ എന്നാണ് ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. പക്ഷേ തന്നെ വേദനിപ്പിച്ച ആള് ആരാണെന്ന് ആര്യ പറഞ്ഞിരുന്നില്ല.
എങ്കിലും ആര്യ പങ്കിട്ട സ്റ്റോറി നിമിഷനേരം കൊണ്ട് വൈറലായി. ആര്യയുടെ ഈ ഒളിയമ്പ് നടി നമിത പ്രമോദിന് എതിരെയാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. റെസ്റ്റോറന്റ് മേഖലയിലെ വൻ വിജയത്തിന് ശേഷം ഇപ്പോൾ സാരി ബിസിനസ്സിലേക്കും ചുവടുവെച്ചിരിക്കുകയാണ് നമിത. മെയ് ആറിനാണ് ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കിട്ടത്, അതേ ദിവസം സാരി ബ്രാൻഡ് തുടങ്ങിയ സെലിബ്രിറ്റി നമിതയാണ്. മെയ് എട്ടിനാണ് ഔദ്യോഗിക ലോഞ്ചെങ്കിലും സോഷ്യൽ മീഡിയ വഴി നമിത സാരി ബ്രാൻഡ് പരിചയപ്പെടുത്തിക്കഴിഞ്ഞു, ഒഫീഷ്യൽ അക്കൗണ്ടും തുടങ്ങി. ‘നമ്മ ദേശി’ എന്നാണ് തന്റെ സാരി ബ്രാൻഡിന് നമിത പേരു നൽകിയിരിക്കുന്നത്.
നമിതയുടെ പുതിയ സംരംഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആര്യയുടെ ഈ ഇൻസ്റ്റഗ്രാം സ്റ്റോറി എത്തിയിരിക്കുന്നത്. പോസ്റ്റിൽ ആര്യ നമിതയുടെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, ഈ പോസ്റ്റ് നമിതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. അതേസമയം നമിതയുടെ പേരെടുത്ത് ആര്യ പരാമർശിച്ചിട്ടില്ല. സാരി ബിസിനസിൽ നിൽക്കുന്ന മറ്റ് സെലിബ്രിറ്റികളെ പിന്തുണയ്ക്കുന്നയാളാണ് ആര്യ. ദിയ കൃഷ്ണ, കാവ്യ മാധവൻ തുടങ്ങിയവർ ഇന്ന് സാരി ബിസിനസുമായി ഈ രംഗത്തുണ്ട്.
ബിസിനസ് രംഗത്ത് പ്രബല സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് നമിത പ്രമോദ്. സിനിമാ രംഗത്ത് സജീവമല്ലാതായ നമിത ഇന്ന് ബിസിനസ് രംഗത്ത് പൂർണ ശ്രദ്ധ നൽകുന്നു. കുടുംബത്തിന്റെ വലിയ പിന്തുണ നമിതയ്ക്കുണ്ട്. റെസ്റ്റോറന്റ് വിജയം കെെവരിച്ച ശേഷം സാരികളുടെ ബിസിനസ്സിലേക്കാണ് നമിത എത്തുന്നത്. നേരത്തെ ‘പെപ്രിക്ക’ എന്ന പേരില്‍ ടീഷർട്ട് ബ്രാൻഡ് നമിത പ്രമോദ് തുടങ്ങിയിരുന്നു. ആ സംരഭം പിന്നീട് നിർത്തിയെന്നും സാമ്പത്തിക നഷ്ടം വന്നപ്പോൾ പൂട്ടുകയായിരുന്നുവെന്നുമാണ് നമിത പറഞ്ഞത്. ‘‘ഓവറായുള്ള പ്രൊഡക്ഷൻ തിരിച്ചടിച്ചു. തുടക്കത്തിൽ തന്നെ ഒരുപാട് സ്റ്റോക്കുകൾ ഉണ്ടായിരുന്നു. മെൻസ് വിയറിന് കുറച്ച് ചലഞ്ചിംഗ് ആയ ഘട്ടമാണിത്. ഞാനതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു. പ്ലാനിംഗ് ഇല്ലാത്തത് കൊണ്ട് ബ്രാൻഡിനെയും ബാധിച്ചു. ഒരു ബിസിനസ് നഷ്ടത്തിലാണ് പോകുന്നതെങ്കിൽ നല്ലാ ഭാവി കാണുന്നില്ലെങ്കിൽ വീണ്ടും ആ ബിസിനസിലേക്ക് ഇൻവെസ്റ്റ് ചെയ്യാതെ ക്ലോസ് ചെയ്യുന്നതാണ് നല്ലത്. വെറുതെ കാശ് ചെലവിട്ട് കൂടുതൽ മോശമാക്കരുത്...’’ എന്നാണ് നമിത പ്രമോദ് അതിനെക്കുറിച്ച് പറഞ്ഞത്.






