
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനത്ത് ആര് എന്ന ചര്‍ച്ച പൊടിപൊടിക്കുമ്പോള്‍ കെ.പി.സി.സി. അദ്ധ്യക്ഷന്‍ സണ്ണിജോസഫിന്റെ പിന്തുണ കെ.സി. വേണുഗോപാലിന്. കഴിഞ്ഞ ദിവസം ഇന്ദിരാഭവനില്‍ എത്തിയ കോണ്‍ഗ്രസിന്റെ കേന്ദ്ര നിരീക്ഷകര്‍ മുഖ്യമന്ത്രി കാര്യത്തില്‍ എംഎല്‍എ മാരില്‍ നിന്നും അഭിപ്രായം ശേഖരിച്ചിരുന്നു. ഇതിലാണ് സണ്ണിജോസഫ് കെ.സി.യെ പിന്തുണച്ചിരിക്കുന്നത്.
ഇന്നലെ രഹസ്യമായി നടത്തിയ അഭിപ്രായ സ്വീകരണത്തിന്റെ പട്ടികയുടെ ദൃശ്യം ഇന്ന് ഇന്ത്യന്‍ എക്‌സ്പ്രസാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ സണ്ണിജോസഫും സന്ദീപ് വാര്യരും സജീവ് ജോസഫും ഐ.സി. ബാലകൃഷ്ണനും ടി.സിദ്ദിഖും, മോഹന്‍ദാസും അടക്കമുള്ളവരാണ് കെ.സി.യുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഐ.സി. ബാലകൃഷ്ണന്‍ രമേശ് ചെന്നിത്തലയെയും പിന്തുണച്ചിട്ടുണ്ട്. ദേശീയ നിരീക്ഷകര്‍ എംഎല്‍എ മാരുടെ അഭിപ്രായം രേഖപ്പെടുത്തി മടങ്ങുമ്പോള്‍ പകര്‍ത്തിയ പട്ടികയുടെ ഫോട്ടോഗ്രാഫാണ് വിവരം പുറത്തുവിട്ടത്.
മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ ദേശീയ നിരീക്ഷകര്‍ എംഎല്‍എ മാരുടെ രേഖപ്പെടുത്തലുമായി മടങ്ങുമ്പോഴാണ് പട്ടികയുടെ ദൃശ്യം പകര്‍ത്തപ്പെട്ടത്. പട്ടിക പുറത്തായത് കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കിയേക്കും. പട്ടികയില്‍ ഉദുമ എംഎല്‍എ നീലകണ്ഠന്‍ മാത്രമാണ് അഭിപ്രായം പറയാതിരുന്നിട്ടുള്ളത്. ഹൈക്കമാന്റ് തീരുമാനം എടുക്കട്ടെ് എന്നായിരിക്കാം സൂചന നല്‍കിയത്. അതേസമയം രമേശ് ചെന്നിത്തലയുടെ കരുത്തനായ അനുയായി ഐസി ബാലകൃഷ്ണന്‍ രണ്ടുപേരുടേയും പേര് നല്‍കിയിട്ടുണ്ടെങ്കിലും ആദ്യം നല്‍കിയ പേര് കെ.സി.യുടേതാണ്.
ഒമ്പതുപേരുടെ പട്ടികയില്‍ എട്ടുപേരുടെ വിവരമാണ് പുറത്തുവന്നത്. ഒമ്പത് പേരില്‍ ആരും തന്നെ വി.ഡി. സതീശനെ പിന്തുണച്ചിട്ടില്ലെന്നും കാണുന്നു. തനിക്ക് 45 എംഎല്‍എ മാരുടെ പിന്തുണയുണ്ടെന്നാണ് കെ.സി. വേണുഗോപാല്‍ അവകാശപ്പെട്ടിരുന്നത്. മൂന്ന് ജില്ലകളിലെ എംഎല്‍എ മാരുടെ പിന്തുണയാണ് കെ.സി. വേണുഗോപാലിന് കിട്ടിയത്. ഫോട്ടോ ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.






