
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ എംഎല്‍എ മാരുടെ അഭിപ്രായം രേഖപ്പെടുത്തിയതില്‍ ഉദുമ എംഎല്‍എ നീലകണ്ഠന്റെ അഭിപ്രായം രേഖപ്പെടുത്തതിരുന്നത് വിവാദമാകുന്നു. തന്റെ അഭിപ്രായം പറഞ്ഞതാണെന്നും തന്റെ പിന്തുണ എഐസിസി നിരീക്ഷകര്‍ രേഖപ്പെടുത്തുന്നത് താന്‍ കണ്ടതാണെന്നും നീലകണ്ഠന് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പട്ടികയില്‍ ഒന്നാമനായി രേഖപ്പെടുത്തിയിരുന്ന നീലകണ്ഠന്റെ പേരിന് നേരെ ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന കോളം ശൂന്യമായിരുന്നു.
ഇന്ന് പുറത്തുവന്ന മുകുള്‍ വാസ്നിക്കിന്റെ കയ്യിലിരുന്ന എംഎല്‍എമാര്‍ അഭിപ്രായം രേഖപ്പെടുത്തിയ പേപ്പറിന്റെ ചിത്രത്തില്‍ നീലകണ്ഠന്റെ പേരിന് നേരെ ഒന്നും എഴുതിയിരുന്നില്ല. എന്നാല്‍ താന്‍ മുഖ്യമന്ത്രി കാര്യത്തില്‍ തന്റെ പിന്തുണ ആര്‍ക്കാണെന്ന കാര്യം കൃതമായി പറയുകയും അത് രേഖപ്പെടുത്തുകയും ചെയ്തതാണെന്നാണ് നീലകണ്ഠന് പ്രതികരിച്ചത്. താന്‍ ജനപക്ഷത്താണെന്നും വിഷയം എഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേന്ദ്രസംഘം എഴുതിയെടുക്കുകയായിരുന്നു എന്നും പറഞ്ഞു. ഉദുമ നിയുക്ത എംഎല്‍എ കെ. നീലകണ്ഠന് തന്റെ നിലപാട് രേഖപ്പെടുത്താത്തതിനെതിരെ എഐസിസിക്ക് ഔദ്യോഗികമായി പരാതി നല്കി.
സംഭവത്തില്‍ രമേശ് ചെന്നിത്തല വിഭാഗവും അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. രമേശ് ചെന്നിത്തല നിരീക്ഷകരെ വിളിച്ചു ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. അതേസമയം റിപ്പോര്‍ട്ട് കേന്ദ്ര നിരീക്ഷകര്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്ഗേയ്ക്ക്് സമര്‍പ്പിച്ചിരിക്കുകയാണ്. പത്രത്തിലൂടെ പുറത്തുവന്ന ചിത്രം വ്യാജമാണെന്നാണ് നിരീക്ഷകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം തന്നെ വി. ഡി. സതീശനെ പിന്തുണച്ചവരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കിയതാണോ എന്ന സംശയം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ശക്തമാണ്. കെ. നീലകണ്ഠനും സതീശനെയാണ് പിന്തുണച്ചതെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ചയോടെ ഉണ്ടാകുമെന്നാണ് സൂചന. നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന് എന്നിവര്‍ എംഎല്‍എമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. നിരീക്ഷകര്‍ കേരളത്തില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങളെ അതൃപ്തിയോടെയാണ് ഹൈക്കമാന്‍ഡ് കാണുന്നത്. ഇത് നേതൃത്വത്തോടുള്ള വെല്ലുവിളിയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായും അറിയുന്നു.






