
മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയയ്ക്കും ഒരുപോലെ പരിചിതയാണ് ശ്രീവിദ്യ മുല്ലശ്ശേരി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ കൂടിയായ ശ്രീവിദ്യ, തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. സംവിധായകനായ രാഹുൽ രാമചന്ദ്രനുമായുള്ള പ്രണയവും വിവാഹവും അവരുടെ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളും ശ്രീവിദ്യ തന്റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കിടുമ്പോള്‍ ആരാധകരത് ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ചെന്നൈ ഫ്ലൈറ്റ് യാത്രയ്ക്ക് തന്റെ സഹയാത്രികനായി ഒപ്പമുണ്ടായിരുന്ന മെഗാസ്റ്റാറിനെ കണ്ട സന്തോഷം പങ്കിടുകയാണ് ശ്രീവിദ്യ. തന്റെ സഹയാത്രികനെ കണ്ടോയെന്ന ചോദ്യത്തോടെ ശ്രീവിദ്യ പങ്കുവെച്ച ചിത്രത്തിലെ അതിഥി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ്.
‘‘ഇന്നത്തെ ചെന്നൈ വിമാനത്തിലെ എന്റെ സഹയാത്രികൻ ആരാണെന്ന് കാണൂ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മമ്മൂട്ടിയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കിട്ട് ശ്രീവിദ്യ മുല്ലച്ചേരി കുറിച്ചത്. അപ്രതീക്ഷിതമായി ലഭിച്ച ഈ അപൂർവ്വ നിമിഷം താരത്തിന് വലിയൊരു ‘ഫാൻ ഗേൾ’ മൊമെന്റ് കൂടിയായി മാറിയെന്ന് ചിത്രത്തിലൂടെ കൃത്യമായി മനസ്സിലാകും.
‘സ്റ്റാർ മാജിക്’ എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. തന്റെ തനതായ കാസർഗോഡ് ശൈലിയിലുള്ള സംസാരവും തമാശകളും താരത്തിന് വലിയ രീതിയിലുള്ള ആരാധകവൃന്ദത്തെ സമ്മാനിച്ചു. ‘ഒരു പഴയ ബോംബ് കഥ’ ഉൾപ്പെടെയുള്ള സിനിമകളിലും ശ്രീവിദ്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
2019-ൽ പുറത്തിറങ്ങിയ ‘ജീംബൂബ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച താരമാണ് രാഹുൽ രാമചന്ദ്രന്. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും സജീവമായ രാഹുൽ, രസകരമായ വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് പരിചിതനാണ്. കലാരംഗത്ത് മാത്രമല്ല, ബിസിനസ്സ് രംഗത്തും ദമ്പതിമാര്‍ തിളങ്ങുകയാണ്. കാസർഗോഡ് ‘കറ്റൈർ’ എന്ന പേരിൽ ഒരു വസ്ത്ര വ്യാപാര സ്ഥാപനം ഇരുവരും ചേർന്ന് ആരംഭിച്ചിരുന്നു.






