
ചെന്നൈ: തെരഞ്ഞെടുപ്പ് ഫലം വന്ന് നാലു ദിവസം പിന്നിട്ടിട്ടും അനിശ്ചിതത്വം മാറാതെ തമിഴ്നാട് രാഷ്ട്രീയം. കോണ്‍ഗ്രസിനൊപ്പം സി.പി.ഐ, സി.പി.എം, വി.സി.കെ, മുസ്ലിം ലീഗ് പാര്‍ട്ടുകളുടെ പിന്തുണ ലഭിച്ചതോടെ ടി.വി.കെയ്ക്ക് ഭരണത്തിലെത്താന്‍വേണ്ട കേവല ഭൂരിപക്ഷമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതോടെ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍, വിജയ് 116 പേരുടെ പിന്തുണക്കത്ത് മാത്രമേ ഹാജരാക്കിയിട്ടുള്ളൂവെന്ന് ഗവര്‍ണര്‍ ആര്.വി ആര്‍ലേക്കറുടെ ഓഫീസ് അറിയിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 പേരുടെ പിന്തുണ തെളിയിച്ചാല്‍ മാത്രമേ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കൂ എന്നാണ് ഗവര്‍ണറുടെ നിലപാട്.
ഇതോടെ ഗവര്‍ണര്‍ വിജയ്യെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചിട്ടില്ലെന്നും ശനിയാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങുകള്‍ മാറ്റിവെച്ചതായും രാത്രി വൈകി റിപ്പോര്‍ട്ട് പുറത്തുവന്നു. ടി.വി.കെയുടെ 107 അംഗങ്ങള്‍ക്കു പുറമേ കോണ്‍ഗ്രസ് -അഞ്ച്, സി.പി.എം -രണ്ട്, സി.പി.ഐ -രണ്ട് മുസ്ലിം ലീഗിന്റെ കത്ത് കിട്ടിയില്ല. അംഗങ്ങളുടെ പിന്തുണക്കത്താണ് ഹാജരാക്കിയിരിക്കുന്നത്.
രണ്ടംഗങ്ങളുള്ള വി.സി.കെയും ഒരംഗമുള്ള മുസ്ലിം ലീഗും വിജയ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കത്ത് ഹാജരാക്കിയിട്ടില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. അതേസമയം, വി.സി.കെ രാഷ്ട്രീയ വിലപേശലിനുള്ള കരുനീക്കത്തിലാണെന്നും അഭ്യൂഹമുണ്ട്.






