
ന്യൂഡല്‍ഹി: ജനറല്‍ അനില്‍ ചൗഹാനു ശേഷം ലഫ്റ്റനന്റ് ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്മണി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്ആയി ചുമതല യേല്‍ക്കും. അഡ്മിറല്‍ ദിനേഷ് കുമാര്‍ ത്രിപാഠിക്ക് ശേഷം വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന് നാവികസേനാ മേധാവിയായും നിയമിതനായി.
നിലവിലെ സി.ഡി.എസ് ജനറല്‍ അനില്‍ ചൗഹാന് മെയ് 30-ന് വിരമിക്കുന്നതിനെത്തുടര്‍ന്നാണ് ലഫ്റ്റനന്റ് ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്മണിയെ ഈ പദവിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മിലിട്ടറി അഫയേഴ്സ് സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം വഹിക്കും. 1985-ല്‍ ഗര്‍വാള്‍ റൈഫിള്‍സിലാണ് അദ്ദേഹം കമ്മീഷന് ചെയ്തത്. നാഷണല്‍ ഡിഫന്‍സ് അക്കാദമി, യുകെയിലെ ജോയിന്റ് സര്‍വീസസ് കമാന്‍ഡ് സ്റ്റാഫ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി.
ഈസ്റ്റേണ്‍ കമാന്‍ഡ് കേണല്‍ ജനറല്‍ സ്റ്റാഫ് (ഓപ്പറേഷന്‍സ്), കരസേനാ ആസ്ഥാനത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഇന്റലിജ ബന്‍സ്, സെന്‍ട്രല്‍ കമാന്‍ഡ് മേധാവി, കരസേനയുടെ 47-ാമത് വൈസ് ചീഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരമ വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്.
അഡ്മിറല്‍ ദിനേഷ് കുമാര്‍ ത്രിപാഠി മെയ് 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന് നിയമിതനാകുന്നത്. 1987-ല്‍ ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്ന അദ്ദേഹം ഐ.എന്‍.എസ് വിക്രമാദിത്യ ഉള്‍പ്പെടെയുള്ള പ്രമുഖ കപ്പലുകളുടെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സതേണ്‍ നേവല്‍ കമാന്‍ഡിലെ ചീഫ് സ്റ്റാഫ് ഓഫീസര്‍ (ട്രെയിനിംഗ്), വെസ്റ്റേണ്‍ ഫ്ലീറ്റ് കമാന്‍ഡര്‍, നാവികസേനയുടെ വൈസ് ചീഫ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ആയി സേവനമനുഷ്ഠിക്കുന്നു. വിശിഷ്ട സേവനത്തിന് അതി വിശിഷ്ട സേവാ മെഡലും സേനാ മെഡലും നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.






