
ഭുവനേശ്വര്‍: ഒഡീഷയില്‍ രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിനു, മറ്റൊരു കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട രണ്ട് റെയില്‍വേ പോലീസുകാര്‍ക്കു നേര്‍ക്കു ജനക്കൂട്ടത്തിന്റെ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
ഹന്‍സ്പാല്‍-നിമാപാറ റോഡിലെ ബലിയന്ത പോലീസ് സ്റ്റേഷന് പരിധിയിലുള്ള രാമചന്ദ്രപുരിലെ പാലത്തിനു സമീപം രാവിലെ 11.30 ഓടെയാണ് സംഭവം നടന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.കട്ടക്കില്‍ റെയില്‍വേ പോലീസിലെ (ജി.ആര്.പി.) സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍സ്റ്റബിളായ സൗമ്യ രഞ്ജന്‍ സ്വെയ്ന് ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
ഓം പ്രകാശ് മൊഹന്തിയാണ് പരുക്കേറ്റയാള്‍. ''രണ്ട് സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന ഒരു സ്കൂട്ടര്‍ പോലീസുകാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ഇവര്‍ സ്ത്രീകളെ സ്കൂട്ടറില്‍ നിന്ന് തള്ളില്‍ റോഡിലിട്ടു. രണ്ടുപേരും അവരെ ശാരീരികമായി ആക്രമിച്ചു. ഒരാള്‍ ഒരു സ്ത്രീയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചു''- സംഭവം കണ്ട വഴിയാത്രക്കാരനായ ബിരാഞ്ചി നാരായണ്‍ ജെന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്ത്രീകള്‍ അലറിവിളിച്ചതോടെ സ്ഥിതിഗതികള്‍ പെട്ടെന്ന് വഷളായി. പോലീസ് എത്തുന്നതിനുമുമ്പ് ഒരു വലിയ ജനക്കൂട്ടം രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു. ഇരകളെയും പ്രതികളെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസുകാരെ മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സംഭവസമയത്ത് സ്വെയ്ന് അസാധാരണമായി പെരുമാറിയതിനാലും ഭ്രാന്തനാണെന്ന് തോന്നിയതിനാലും ജനക്കൂട്ടം അദ്ദേഹത്തെ ആക്രമിച്ചതായി ഭുവനേശ്വര്‍ ഡി.സി.പി. ജഗ്മോഹന് മീണ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും അയാള്‍ അവരെ കടിക്കാന്‍ ശ്രമിച്ചുവെന്ന് ഡി.സി.പി. കൂട്ടിച്ചേര്‍ത്തു. രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡിസിപി പറഞ്ഞു. ഒന്ന് കൊലപാതകവുമായി ബന്ധപ്പെട്ടതും മറ്റൊന്ന് ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ടതുമാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിനും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.






