
ഒരു കാലത്ത് മലയാളികളുടെ ദിനം തുടങ്ങിയിരുന്നത് ആകാശവാണിയിലെ സുപ്രഭാതം പരിപാടിയിലൂടെയായിരുന്നു. ശബ്ദത്തിലൂടെ മാത്രം ആളുകളെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും അറിവുകള്‍ പകര്‍ന്നു നല്‍കുകയും ചെയ്തിരുന്ന ആകാശവാണി ഒരു സുഹൃത്തിനപ്പുറമായിരുന്നു. ഇന്നും റേഡിയോ സംപ്രേക്ഷണങ്ങളെ കാത്തിരിക്കുന്ന ഒരു ജനവിഭാഗം നമുക്കിടയിലുണ്ട്.
അന്നൊക്കെ ആകാശവാണിയില്‍ സംപ്രേക്ഷണം ചെയ്യുന്ന നാടകങ്ങള്‍ തന്നിരുന്ന ആവേശം ചെറുതൊന്നുമായിരുന്നില്ല. ഇന്ന് ബിഗ്സ്ക്രീന്‍ നല്‍കുന്നതിന്റെ ആയിരമിരട്ടി ആസ്വാദനം ശബ്ദത്തിലൂടെ അന്നത്തെ കലാകാരന്മാര് നല്‍കിയിട്ടുണ്ട്. ഇന്നും ആകാശവാണിയിലെ നാടകങ്ങള്‍ കാത്തിരിക്കുന്നവരുണ്ട്.
അങ്ങനെ കാത്തിരിക്കുന്നവര്‍ക്കായി നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആകാശവാണിയുടെ (ഓള് ഇന്ത്യ റേഡിയോ) സംസ്ഥാനതല റേഡിയോ നാടകമത്സരം പുനരാരംഭിക്കുകയാണ്. നാളെ ആരംഭിക്കുന്ന ഈ നാടക വസന്തത്തില്‍ മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലിന്റെ ശബ്ദസാന്നിധ്യം മുഖ്യ ആകര്‍ഷണമാകും.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ ശബ്ദം ആകാശവാണിയിലൂടെ കേള്‍ക്കുന്ന സന്തോഷം പങ്കിടുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ചെറിയ കാര്യമാണെങ്കിലും തിരക്കിനിടയില്‍ മോഹന്‍ലാല്‍ അതിനായി സമയം കണ്ടെത്തുന്നു എന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചിരിക്കുന്നത്.
‘‘ആകാശവാണി നാടകോത്സവം...ഇതൊരു ചെറിയ കാര്യമാണെങ്കിലും ഈ തിരക്കിനിടയിലും ഇദ്ദേഹം അതിന് സമയം കണ്ടെത്തുന്നു...’’ എന്ന് കുറിച്ചാണ് മോഹന്‍ലാലിന്റെ ഡബ്ബിംഗ് വീഡിയോ ഭാഗ്യലക്ഷ്മി പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകര്‍ മോഹന്‍ലാലിന്റെ ശബ്ദം റേഡിയോയിലൂടെ കേള്‍ക്കുന്നതിന്റെ സന്തോഷം കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.
ദാദാ സാഹേബ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ആദ്യമായി ആകാശവാണി മൈക്രോ ഫോണിനുമുമ്പില് മലയാളത്തിന്റെ നടന വിസ്മയം എത്തിയപ്പോള്‍ കാലം അതിന് സാക്ഷിയായി. മോഡല്‍ സ്ക്കൂളില്‍ പഠിക്കുമ്പോഴാണ് ആകാശവാണിയുടെ ബാലലോകത്തിലൂടെ മോഹന്‍ലാല്‍ എന്ന പ്രതിഭയെ ആദ്യമായി ജനമറിഞ്ഞത്. താരത്തിന്റെ കലാജീവിതയാത്ര പൊതുമണ്ഡലത്തില്‍ എവിടെ നിന്ന് തുടങ്ങിയോ അവിടേക്കുള്ള ഒരു തിരിച്ചു വരവായി ഈ നിമിഷം മാറി. അതാകാം മോഹന്‍ലാലിനെ എപ്പോഴും ആകാശവാണിയുടെ മൈക്രോ ഫോണിലേക്ക് ആകര്‍ഷിക്കുന്നത്.
ആകാശവാണി കൊച്ചി നിലയം അവതരിപ്പിക്കുന്ന ‘കടങ്കഥയിലെ വിരുന്നുകാരന്’ എന്ന നാടകത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ ഇത്തവണ ആദ്യം മൈക്രോ ഫോണിന് മുന്നില്‍ എത്തിയത്.
‘‘ഞാന്‍ മുന്‍പ് പങ്കെടുത്ത മുന്‍ റേഡിയോ നാടകങ്ങളായ ജീവനുള്ള പ്രതിമകള്‍, കത്തുകള്‍ കഥ പറയുന്നു എന്നിവയടക്കം ഓര്‍ത്തെടുക്കുമ്പോള്‍ ശബ്ദത്തിലൂടെ മാത്രം ഒരു കഥാപാത്രത്തെ പൂര്‍ണ്ണമായി ജന മനസ്സില്‍ സൃഷ്ടിക്കുക എന്നത് എന്നും ഒരു വെല്ലുവിളിയും പ്രിയങ്കരവുമായ സംഗതിയാണ്. അതെല്ലാം ഒരു നിധിപോലെ എന്റെ ശബ്ദശേഖരത്തിലുണ്ട്...’’നാടകോത്സവത്തില്‍ പങ്കെടുത്ത് താരം പറഞ്ഞു. പണ്ട് അഖില കേരള റേഡിയോ നാടകോത്സവത്തിനായി അമ്മയോടൊപ്പം കാതോര്‍ത്തിരുന്ന കാര്യം പറഞ്ഞപ്പോള്‍ മോഹന്‍ലാലിന്റെ കണ്ണുകള്‍ ഈറനായി. തിരക്കിനിടയിലും മുമ്പ് ആകാശവാണിക്കായി പങ്കെടുത്ത ഓണക്കാലത്തെ ചലച്ചിത്രഗാന പരിപാടിയും താരം ഓര്‍ത്തു പറഞ്ഞു.
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മുടങ്ങിപ്പോയ ഈ നാടകോത്സവം ആകാശവാണിയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് തിരിച്ചെത്തുന്നത്. സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഈ നാടകങ്ങള്‍ കേരളത്തിലെ എല്ലാ ആകാശവാണി നിലയങ്ങളിലൂടെയും പ്രക്ഷേപണം ചെയ്യും.






