
പട്ന: ഇനി ഒരു മാസം, അതിനുള്ളിൽ ബീഹാറിൽ വാഹനങ്ങളിൽ ജാതിപ്പേര് പതിച്ചിട്ടുണ്ട് എങ്കിൽ അത് നീക്കംചെയ്യണം. വാഹനങ്ങളിൽ യാദവൻ, ബ്രാഹ്മണൻ, ക്ഷത്രിയൻ തുടങ്ങി ജാതിപ്പേരുകൾ രേഖപ്പെടുത്തുന്നത് ബിഹാർ ഗതാഗതവകുപ്പ് നിരോധിച്ചു.
പൊതുനിരത്തുകളിൽ ജാതി പ്രദർശിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എല്ലാ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും നിയമം നടപ്പിലാക്കാൻ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരു മാസത്തിനുള്ളിൽ ഇത്തരം സ്റ്റിക്കറുകളും എഴുത്തുകളും നീക്കം ചെയ്തില്ലെങ്കിൽ 2,000 രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്. ജൂൺ ആദ്യവാരത്തോടെ ഇത് നടപ്പിലാക്കണം. മോട്ടോർ വാഹന നിയമം 1988 പ്രകാരം, സെക്ഷൻ 177 അനുസരിച്ച് 500 രൂപയും സെക്ഷൻ 179 അനുസരിച്ച് 2,000 രൂപ വരെയും പിഴ ഈടാക്കും.
നിശ്ചിത കാലാവധിക്ക് ശേഷം സംസ്ഥാനത്തുടനീളം ട്രാഫിക് പോലീസ് കർശനമായ പരിശോധനകൾ ആരംഭിക്കും. ജാതി സ്റ്റിക്കറുകൾക്കെതിരെയുള്ള നടപടിക്കൊപ്പം ബിഹാറിലെ ഗതാഗത സംവിധാനത്തിൽ വിപുലമായ മാറ്റങ്ങളും വരുന്നു. സംസ്ഥാനത്തെ 500 മുതൽ 700 വരെ പ്രധാന ജംഗ്ഷനുകളിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം സ്ഥാപിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.
പട്ന, ഗയ, ഭാഗൽപൂർ, മുസാഫർപൂർ, ദർഭംഗ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ എഐ പവർഡ് ക്യാമറകൾ സ്ഥാപിക്കും. സിഗ്നൽ തെറ്റിക്കൽ, അമിതവേഗത, തെറ്റായ വശത്തുകൂടിയുള്ള ഡ്രൈവിംഗ്, ഹെൽമറ്റ് ധരിക്കാതിരിക്കൽ എന്നിവ ഈ ക്യാമറകൾ തത്സമയം കണ്ടെത്തും.






