
2026 ലെ കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയെത്തിയ വലതു പക്ഷത്തിന് ഗംഭീര വിജയമാണ് ലഭിച്ചത്. വന്‍ ഭൂരിപക്ഷം നല്കി ജനം വലതുപക്ഷത്തിന് വോട്ട് ചെയ്തത് ഇപ്പോഴുള്ള ഭരണത്തില്‍ നിന്നൊരു മാറ്റം ആഗ്രഹിച്ചാണ്. എന്നാല്‍ റിസള്‍ട്ട് അറിഞ്ഞ് നാല് ദിവസങ്ങള്‍ക്കിപ്പുറവും തങ്ങളുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
മുഖ്യമന്ത്രി കസേരയില്‍ ആരിരിക്കും എന്ന തര്‍ക്കമാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. വി ഡി സതീശന്, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. രാഷ്ട്രീയപാര്‍ട്ടികളിലുള്ളവര്‍ മാത്രമല്ല സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്.
ഇപ്പോഴിതാ മുഖ്യമന്ത്രി ആരാകണമെന്നുള്ള ചർച്ച കോൺഗ്രസിൽ മുറുകുന്നതിന് ഇടയിൽ വി.ഡി.സതീശന് പിന്തുണയുമായി എത്തിയിരിക്കുകയാണ് തണ്ണീർമത്തൻ ദിനങ്ങൾ താരം ഗോപിക രമേശ്. മുഖ്യമന്ത്രി ചർച്ചയിൽ സജീവമായി നിൽക്കുന്ന കെ.സി വേണുഗോപാലിനോടുള്ള അഭ്യർഥന എന്ന നിലയില്‍ കെ.സി.വേണുഗോപാലിനോട് ഒരടി പിന്നോട്ട് നിൽക്കാൻ ആവശ്യപ്പെട്ടാണ് ഗോപികയുടെ പോസ്റ്റ്.
‘‘പ്രിയപ്പെട്ട കെ.സി.വേണുഗോപാൽ, സാറിന് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഒരു കാര്യം പറയട്ടെ. ദയവു ചെയ്ത് ഒരടി പിന്നോട്ടു മാറി കുറച്ച് ഓറ പോയിന്റ്സ് സ്വന്തമാക്കൂ...’’ എന്നാണ് ഗോപിക രമേശ് വിസ്മയം എന്ന ഹാഷ്ടാഗിനൊപ്പം അഭ്യർഥിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വി ഡി സതീശന് പലവട്ടം ഉപയോഗിച്ച വാക്കാണ് അത്. ഒരു വ്യക്തി സാമൂഹികമായി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം, കൂള്‍നെസ് എന്നിവയൊക്കെ അര്‍ഥമാക്കുന്ന ജെന്‍ സി പ്രയോഗമാണ് ഓറ പോയിന്റ്സ്. വിവിധ സന്ദര്‍ഭങ്ങളില്‍ ഒരാള്‍ എങ്ങനെയാണ് ഇടപെടുന്നത്, കാണപ്പെടുന്നത് എന്നത് ഓറ പോയിന്റ്സ് നിര്‍ണയിക്കുന്ന രീതിയും ജെന്‍ സികള്‍ക്കിടയില്‍ ഉണ്ട്.
തണ്ണീർമത്തൻ ദിനങ്ങളിൽ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് ഗോപിക രമേശ്. വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു. ‘സ്വീറ്റ് ഹാർട്ട്’ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. സിനിമകളില്‍ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും നിറയെ ആരാധകര്‍ ഗോപികയ്ക്കുണ്ട്. വലിയ രീതിയിലുള്ള ഫോളോവേഴ്സ് ഗോപികയ്ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്.






