
ന്യൂഡൽഹി: ഹന്റാ വൈറസ്ബാധയുള്ള എംവി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാരുണ്ടെന്ന് സ്ഥിരീകരണം. എന്നാൽ, ഇന്ത്യയിൽ ഇതിനുമുമ്പും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ നിലവിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധരും സർക്കാർ ഏജൻസികളും അറിയിച്ചു.
അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ വഴി ലഭിച്ച വിവരങ്ങൾ പ്രകാരം, കപ്പലിലുള്ള രണ്ട് ഇന്ത്യക്കാർക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. ഇവർ നിരീക്ഷണത്തിലാണ്. നിലവിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയൊന്നുമില്ലെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.
ദക്ഷിണ അമേരിക്കയിൽ നിന്ന് ആഫ്രിക്കയിലേക്ക് പോവുകയായിരുന്ന എംവി ഹോണ്ടിയസ് എന്ന ഡച്ച് പര്യവേക്ഷണ കപ്പലിലാണ് ഹന്റാ വൈറസിന്റെ 'ആൻഡീസ്' വകഭേദം സ്ഥിരീകരിച്ചത്. ഇതുവരെ എട്ട് പേർക്ക് രോഗബാധ സംശയിക്കുകയും മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ ഏകോപനത്തിൽ രോഗനിർണ്ണയവും യാത്രക്കാരുടെ സുരക്ഷിതമായ തിരിച്ചിറക്കവും ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള ഒരേയൊരു ഹന്റാ വൈറസ് വകഭേദമാണ് ആൻഡീസ്. എങ്കിലും കോവിഡ്-19 പോലെ ഇത് വേഗത്തിൽ പടരില്ല. രോഗബാധിതരുമായി ദീർഘനേരം അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ ഇത് പകരുകയുള്ളൂ. പനി, ശരീരവേദന, ശ്വാസതടസ്സം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഗുരുതരമായാൽ ശ്വാസകോശത്തെയും വൃക്കകളെയും ബാധിക്കാം.
എലികളുടെ ഉമിനീർ, മൂത്രം, വിസർജ്യം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. വീടുകൾ എലിമുക്തമായി സൂക്ഷിക്കണമെന്നും പൊടിപടലങ്ങൾ പറക്കാതിരിക്കാൻ ഉണങ്ങിയ രീതിയിൽ തൂത്തുവാരുന്നതിന് പകരം നനഞ്ഞ തുണി ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.
മുംബൈയിൽ പ്രസവത്തിന് പിന്നാലെ ഒരു സ്ത്രീക്ക് ഹന്റാ വൈറസ് ബാധിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോവിഡ് കാലത്തിന് ശേഷം ഇന്ത്യയുടെ ആരോഗ്യരംഗം ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സജ്ജമാണ്. നിലവിൽ ഇതിന് പ്രത്യേക ആന്റിവൈറൽ ചികിത്സ ലഭ്യമല്ലെങ്കിലും, രോഗികളെ ഐസലേറ്റ് ചെയ്ത് ശ്വാസകോശ സംബന്ധമായ പ്രോട്ടോക്കോളുകൾ വഴി ചികിത്സിക്കാൻ സാധിക്കും.






