
കൊൽക്കത്ത: സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു 97 വയസ്സുകാരനെ കെട്ടിപ്പിടിക്കുകയും പാദങ്ങളിൽ തൊട്ട് വന്ദിക്കുകയും ചെയ്ത നടപടി വലിയ മാധ്യമശ്രദ്ധയാകർഷിച്ചു. ശ്യാമപ്രസാദ് മുഖർജിയുടെ അടുത്ത സഹായിയായിയും ബിജെപിയുടെ ആദ്യകാല നേതാക്കളിൽ ഒരാളുമായ മഖൻ ലാൽ സർക്കാരിനെ ആയിരുന്നു പ്രധാനമന്ത്രി വന്ദിച്ചത്.
സിലിഗുരി സ്വദേശിയായ മഖൻ ലാൽ ശ്യാമപ്രസാദ് മുഖർജിയുടെ കശ്മീർ യാത്രയിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കശ്മീർ ജയിലിൽ വെച്ച് ദുരൂഹസാഹചര്യത്തിലാണ് മുഖർജി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ അവസാന യാത്രയിൽ കൂടെയുണ്ടായിരുന്ന മഖൻ ലാൽ സർക്കാർ ഇന്ന് ഈ ചടങ്ങിൽ പങ്കെടുത്തത് അഭിമാന മുഹൂർത്തമായെന്ന് ബിജെപി ബംഗാൾ ഘടകം അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ ഒരു ദേശഭക്തി ഗാനം ആലപിച്ചതിന് പൊലീസ് സർക്കാരിനെ അറസ്റ്റുചെയ്തിരുന്നു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഒരു പാട്ട് പാടുക മാത്രമാണ് ചെയ്തതെന്നും സർക്കാർ അന്ന് ജഡ്ജിയോട് പറഞ്ഞു. ആ പാട്ട് കേൾക്കാൻ ജഡ്ജി താല്പര്യം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം കോടതിയിൽ വെച്ച് അത് പാടി. പാട്ട് കേട്ട് ഇഷ്ടപ്പെട്ട ജഡ്ജി, സർക്കാരിന് നാട്ടിലേക്ക് പോകാൻ ഫസ്റ്റ് ക്ലാസ് ടിക്കറ്റും 100 രൂപയും നൽകാൻ പോലീസിനോട് ആവശ്യപ്പെട്ടു, രസകരമായ ഈ കഥയും ഭട്ടാചാര്യ പങ്കുവച്ചു.
ബിജെപിയുടെ സിലിഗുരി ഓർഗനൈസേഷണൽ ഡിസ്ട്രിക്റ്റിന്റെ ആദ്യ ജില്ലാ പ്രസിഡന്റായിരുന്നു മഖൻ ലാൽ സർക്കാർ. ശ്യാമപ്രസാദ് മുഖർജിയുടെ ചരിത്രപരമായ കാശ്മീർ യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്ന വ്യക്തിയാണ്.1952-ൽ കാശ്മീരിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്താനുള്ള സമരത്തിനിടെ മുഖർജിക്കൊപ്പം ഇദ്ദേഹവും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
1980-ൽ ബിജെപി രൂപീകരിച്ചതിന് ശേഷം വെസ്റ്റ് ദിനാജ്പൂർ, ജൽപായ്ഗുരി, ഡാർജിലിംഗ് ജില്ലകളുടെ ഓർഗനൈസേഷണൽ കോർഡിനേറ്ററായി അദ്ദേഹം പ്രവർത്തിച്ചു. വെറും ഒരു വർഷത്തിനുള്ളിൽ പതിനായിരത്തോളം പേരെ പാർട്ടിയിൽ ചേർക്കാൻ അദ്ദേഹത്തിന് സാധിച്ചു. 1981 മുതൽ തുടർച്ചയായി ഏഴ് വർഷം അദ്ദേഹം ജില്ലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ഒരു നേതാവ് ഒരേ പദവിയിൽ രണ്ട് വർഷത്തിൽ കൂടുതൽ തുടരാത്ത അക്കാലത്ത് ഇതൊരു വലിയ നേട്ടമായിരുന്നു.






