
വണ്ടിപ്പെരിയാർ: വിവാഹസൽക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. വണ്ടിപ്പെരിയാർ ഗ്രാൻപി സ്വദേശികളുടെ വിവാഹസൽക്കാരത്തിനിടെയാണ് സംഭവം. മ്ലാമലയിലെ കേറ്ററിങ് സംഘത്തിലെ തൊഴിലാളികളും വരന്റെ ബന്ധുക്കളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വരന്റെ സഹോദരീഭർത്താവ് ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൽക്കാരത്തിന്റെ അവസാന ഘട്ടത്തിലാണ് വരന്റെ സഹോദരിയും ഭർത്താവും ഉൾപ്പെടെയുള്ള ബന്ധുക്കൾ ഭക്ഷണം കഴിക്കാനെത്തിയത്. ഈ സമയം മേശയും മറ്റും വൃത്തിയാക്കിക്കൊണ്ടിരുന്ന കേറ്ററിങ് തൊഴിലാളികൾ, വരന്റെ ബന്ധുക്കൾ ഇരുന്ന ഭാഗത്ത് ഭക്ഷണം വിളമ്പാൻ കഴിയില്ലെന്ന് അറിയിച്ചു. ഇത് വാക്കേറ്റത്തിന് കാരണമാവുകയും തുടർന്ന് വലിയ അടിപിടിയിൽ കലാശിക്കുകയുമായിരുന്നുവെന്ന് വണ്ടിപ്പെരിയാർ പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






