
തമിഴ്നാട് നിയമസഭയിലെ 234 സീറ്റുകളില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റുകളാണ്. എന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടി.വി.കെ-ക്ക് നിലവില്‍ ആവശ്യമായ പിന്തുണ ഉറപ്പാക്കാന്‍ സാധിക്കാത്തതാണ് രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണം.
വിജയ്യുടെ പാര്‍ട്ടി 108 സീറ്റുകള്‍ നേടിയെങ്കിലും, അദ്ദേഹം രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചതിനാല്‍ ഒരു സീറ്റ് ഒഴിയേണ്ടി വരും. ഇതോടെ പാര്‍ട്ടിയുടെ അംഗബലം 107 ആയി കുറഞ്ഞു. ഭൂരിപക്ഷത്തിന് ഇനിയും 11 സീറ്റുകള്‍ കൂടി വേണം. വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്തണമെന്ന നിബന്ധനയോടെ കോണ്‍ഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. രണ്ട് മന്ത്രിസ്ഥാനവും ഒരു രാജ്യസഭാ സീറ്റുമാണ് കോണ്‍ഗ്രസ് ഇതിന് പകരമായി ആവശ്യപ്പെടുന്നത്. ഇക്കാര്യം ടി.വി.കെ അംഗീകരിച്ചിട്ടുണ്ട്.
സുസ്ഥിരമായ ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പുറത്തുനിന്ന് പിന്തുണ നല്‍കുമെന്ന് രണ്ടു സീറ്റുകളുള്ള സി.പി.ഐ പ്രഖ്യാപിച്ചു.ബി.ജെ .പി സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വാധീനം ഉറപ്പിക്കുന്നത് തടയാനായി സിപിഐഎമ്മും നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പിന്തുണ നല്‍കുമെന്ന് സൂചനയുണ്ടെങ്കിലും ഇപ്പോഴും അനിശ്ചിതത്വം തുടരുന്നത് വിസികെ യുടെ രണ്ടു സീറ്റുകളാണ്.
ഉപമുഖ്യമന്ത്രി സ്ഥാനവും മന്ത്രിസഭയില്‍ പങ്കാളിത്തവും വേണമെന്നാണ് വി.സി.കെ-യുടെ ആവശ്യം. പിന്തുണ നല്‍കിക്കൊണ്ടുള്ള ഇവരുടെ ഔദ്യോഗിക കത്ത് ഇതുവരെ ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടില്ല. ആദ്യം പിന്തുണ നല്‍കുമെന്ന് കരുതിയിരുന്ന രണ്ടു സീറ്റുകളുള്ള ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പിന്നീട് അത് നിഷേധിച്ചു. തങ്ങള്‍ ഡി.എം.കെ സഖ്യത്തില്‍ തന്നെ തുടരുമെന്ന് അവര്‍ വ്യക്തമാക്കി.
ടി.ടി.വി ദിനകരന്റെ പാര്‍ട്ടിയായ എഎംഎംകെയുടെ ഒരു സീറ്റ് പിന്തുണ കത്ത് ടി.വി.കെ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ആരോപണം ഉയര്‍ന്നു. അവര്‍ എ.ഐ.എ.ഡി.എം.കെ സഖ്യത്തിനാണ് പിന്തുണ നല്‍കുന്നത്. ഡി.എം.കെ (59), എ.ഐ.എ.ഡി.എം.കെ (47) എന്നീ പ്രധാന കക്ഷികള്‍ വിജയ്യെ പിന്തുണയ്ക്കാതെ മാറിനില്‍ക്കുകയാണ്. 118 എം.എല്‍.എമാരുടെ വ്യക്തമായ പിന്തുണ രേഖാമൂലം സമര്‍പ്പിക്കാതെ വിജയ്യെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.






