
തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയ്ക്കായുള്ള കോൺഗ്രസിന്റെ കസേരകളിയിലേക്ക് കെ മുരളീധരനും. കണ്ണൂർ പഴയങ്ങാടിയിൽ കെ മുരളീധരന് വേണ്ടി അണികൾ ബാനർ ഉയർത്തി. 'നിയുക്ത മുഖ്യമന്ത്രി കെ മുരളീധരന് അഭിവാദ്യങ്ങൾ എന്നാണ് ബാനറിലുള്ളത്. ഹൈക്കമാൻഡ് പ്രതിനിധികൾക്ക് മുന്നിൽ ഗ്രൂപ്പ് പോര് മുറുകുന്നതിനിടെ, മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകാമെന്ന് മുരളീധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന് വേണ്ടി പ്രവർത്തകർ രംഗത്തെത്തിയത്.
കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നിവർക്കുവേണ്ടി ചേരിതിരിഞ്ഞുള്ള പോര് പലയിടത്തും സംഘർഷമാവുമ്പോഴാണ് മറ്റ് നേതാക്കളുടെ പേരിലും ഫ്ലക്സ് ബോർഡുകൾ ഉയരുന്നത്. തിരുവനന്തപുരത്ത് ശശി തരൂരിന് വേണ്ടിയും ഫ്ലക്സ് ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയാക്കാൻ അനുയോജ്യൻ തരൂർ ആണെന്നാണ് ബോര്‍ഡിലുള്ളത്.






