
ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് സംവൃത സുനിൽ. വിവാഹശേഷം സംവൃത സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകർക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് ഒട്ടും കുറവു വന്നിട്ടില്ല. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണുന്നതും ആരാധകര്‍ക്ക് വലിയ സന്തോഷമാണ്.
ഭര്‍ത്താവ് അഖിലിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയില്‍ സെറ്റിലായ സംവൃത അവിടെ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ വേഗത്തില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഇപ്പോഴിതാ തന്റെ കോളജ് സുഹൃത്തുക്കള്‍ക്കൊപ്പം സ്പെയിനില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കിടുകയാണ് സംവൃത. തന്റെ പ്രിയപ്പെട്ട കോളേജ് സുഹൃത്തുക്കൾക്കൊപ്പം സ്പെയിനിലേക്ക് നടത്തിയ ഒരു അവധിക്കാല യാത്രയിലെ നിമിഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘‘എന്റെ കോളേജ് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സ്പെയിൻ യാത്ര... ഞങ്ങൾക്ക് എല്ലാവർക്കും ഏറെ ആവശ്യമുള്ള ഒന്നായിരുന്നു ഇത്... ഒത്തിരി ചിരിയും, പാതിരാവോളം നീണ്ട വർത്തമാനങ്ങളും, ഇനി വർഷങ്ങളോളം അയവിറക്കാൻ ഒരുപാട് ഓർമ്മകളും സമ്മാനിച്ചതിന് നന്ദി. മിക്ക ചിത്രങ്ങളും ഞങ്ങളുടെ ഗ്രൂപ്പ് ചാറ്റിൽ തന്നെ ഇരിക്കട്ടെ, എങ്കിലും ചില നിമിഷങ്ങൾ ഇതാ ഇവിടെ പങ്കുവെക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഔട്ടിംഗ് ചിത്രങ്ങളും പാര്‍ട്ടികളും സ്പെയിനിലെ തെരുവുകളിൽ നിന്നുള്ള ചിത്രങ്ങളും യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളും സംവൃത പങ്കിട്ടിരിക്കുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഒട്ടും ചോർന്നുപോകാത്ത സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് സംവൃതയുടെ കുറിപ്പ്.
ചിത്രങ്ങളില്‍ ആരാധകര്‍ ഏറെ ശ്രദ്ധിക്കുന്നത് സംവൃതയുടെ പ്രായത്തെ തോല്‍പ്പിക്കുന്ന ക്യൂട്ടനെസ്സും സൗന്ദര്യവുമാണ്. രണ്ടു കുട്ടികളുടെ അമ്മയായിട്ടും ഇന്നുമൊരു കോളജ് വിദ്യാര്‍ത്ഥിനിയെപ്പോലെ സ്റ്റൈലിഷായിട്ടാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. പല ആരാധകരും സംവൃതയുടെ സൗന്ദര്യത്തെക്കുറിച്ച് കമന്റുകള്‍ കുറിച്ചിട്ടുണ്ട്. ‘അമ്മു ചേച്ചിക്ക് ഇപ്പോഴും ആ കോളേജ് ഗേൾ ലുക്ക് ഉണ്ട്, സോ ക്യൂട്ട്, ഇന്നും ആ പഴയ കോളജ് കുമാരി തന്നെ...’ എന്നതടക്കമാണ് കമന്റുകള്‍.
2004-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മാണിക്യക്കല്ല്, ചോക്ലേറ്റ്, ഡയമണ്ട് നെക്ലേസ് തുടങ്ങി വളരെ ചുരുക്കം സിനിമകളിലൂടെ താരം ആരാധകഹൃദയങ്ങളില്‍ കയറിക്കൂടി. നാടൻ വേഷങ്ങളിലും മോഡേൺ ലുക്കിലും ഒരുപോലെ താരം തിളങ്ങി. കരിയറിന്റെ പീക്ക് ടൈമിലാണ് അഖിൽ രാജിനെ വിവാഹം ചെയ്ത് സംവൃത അമേരിക്കയിലേക്ക് ചേക്കേറിയത്. മക്കളായ അഗസ്ത്യയുടെയും രുദ്രയുടെയും കാര്യങ്ങള്‍ നോക്കി കുടുംബിനിയെന്ന റോള്‍ താരം ഏറെ ആസ്വദിച്ചു.
ഇടയ്ക്ക് 2019-ൽ ബിജു മേനോന്റെ നായികയായി ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ താരം വെള്ളിത്തിരയിലേക്ക് ഒരു മടങ്ങിവരവ് നടത്തിയിരുന്നു. അഭിനയത്തോട് വിടപറഞ്ഞെങ്കിലും മലയാളികൾ ഇന്നും സംവൃതയെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നുണ്ട്. വീണ്ടും നല്ല വേഷങ്ങളിലൂടെ താരം സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.






