
കോഴിക്കോട് പേരാമ്പ്രയില്‍ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. നേരത്തെ ഭർത്താവ് രജിൻ ലാലും സോനയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അപകടത്തെപ്പറ്റി പല സംശയങ്ങളും ഉണ്ടെന്നും കുടുംബം ആരോപിക്കുന്നു. സോനയുടെ വീട്ടുകാരുമായി രജിൻ ലാൽ അടുപ്പം പുലർത്തിയിരുന്നില്ല. കാറിന്റെ പിൻവശത്ത് സോന ഇരുന്ന ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. പൊട്ടിത്തെറി ഉണ്ടായതും ദുരൂഹമാണെന്ന് കുടുംബം പറയുന്നു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ചെറുവണ്ണൂർ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ചെറുവണ്ണൂർ പുത്തൻ ചാലിൽ രജിൻ ലാലിന്റെ ഭാര്യ, ഏഴുമാസം ഗർഭിണിയായ സോന പൊള്ളലേറ്റ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. രജിൻ ലാലും ഭാര്യയും ആശുപത്രിയിൽ പോയി വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയായിരുന്നു കാർ കത്തിയത്. കാറിന്റെ പിൻവശത്തായിരുന്നു സോന ഇരുന്നത്. 2016 മോഡൽ, പെട്രോൾ കാറിന്റെ പിൻവശത്തു നിന്നാണ് തീ ഉയർന്നത്. ശബ്ദവും ഉണ്ടായിരുന്നു. മുൻവശത്തേക്ക് തീ കാര്യമായി പടർന്നിട്ടില്ല.
സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും അന്വേഷണം തുടരുന്നു. പെട്രോൾ ടാങ്കുമായി ബന്ധപ്പെട്ട ലീക്കോ മറ്റ് പ്രശ്നങ്ങളോ ആയിരിക്കാം അപകടകാരണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തിൽ വിശദമായ പരിശോധനകൾ ആവശ്യമുണ്ട്.






