കൊച്ചി: കാലവര്‍ഷത്തിനു മുന്നോടിയായി ഈമാസം രണ്ട് ന്യൂനമര്‍ദങ്ങള്‍ ഉണ്ടാകുന്നതുമൂലം ഇനി മഴദിനങ്ങള്‍. ഈയാഴ്ച ബംഗാള്‍ ഉള്‍ക്കടലിലും പിന്നാലെ അറബിക്കടലിലും ന്യൂനമര്ദങ്ങളുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കാലാവസ്ഥാകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. അറബിക്കടലില്‍ അടുത്തയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് നിഗമനം. തുടര്‍ന്ന് കാലവര്‍ഷം ആരംഭിക്കാനും സാധ്യതയേറി.
സാധാരണയായി ജൂണ്‍ ഒന്നോടെയാണ് കാലവര്‍ഷം ആരംഭിക്കുന്നതെങ്കിലും ഇത്തവണ മേയ് അവസാനവാരംതന്നെ തുടക്കമാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കേന്ദ്ര കാലാവസ്ഥാ ഗവേഷണകേന്ദ്രം കാലവര്‍ഷത്തിന്റെ വരവ് പ്രവചിച്ചിട്ടില്ല.
സംസ്ഥാനത്ത് നിലവില്‍ ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ വേനല്‍മഴ തിമിര്‍ക്കുകയാണ്. തെക്കന്‍ ജില്ലകളിലാണ് വേനല്‍മഴ ശക്തമെന്ന് കുസാറ്റ് കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
മിന്നല്‍പ്രളയം, പെട്ടെന്ന് വീശിയടിക്കുന്ന അതിശക്തമായ അടിക്കാറ്റ് എന്നിവയാണ് കാലവര്‍ഷത്തിനു മുന്നോടിയായി സമീപകാലങ്ങളില്‍ കണ്ടുവരുന്നത്. കട്ടിയേറിയ കൂമ്പാരമേഘങ്ങള്‍ (കുമുലോനിംബസ് ക്ലൗഡ്സ്) സൃഷ്ടിക്കുന്ന കോണ്‍വെക്ടീവ് സ്റ്റോമാണ് കാരണം. തീരമേഖലകളിലാണ് ഈ പ്രതിഭാസം കൂടുതല്‍ നാശം വിതയ്ക്കുന്നത്. സംസ്ഥാനത്ത് കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഇടിമിന്നല്‍ ഭീഷണിയെന്നും കുസാറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപജില്ലകളായ എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലും ആഘാതം കൂടുതലായിരിക്കും. പശ്ചിമഘട്ടമേഖലകളിലും തെക്കന്‍ ഉള്‍നാടന്‍ മേഖലകളിലും മിന്നല്‍പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബൈജു ഭാസി






