
തിരുവനന്തപുരം/ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ നവകേരളസദസിനിടെ ആലപ്പുഴയില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്മാനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും രക്ഷിക്കാന്‍ നടന്ന ഒത്തുകളിയുടെ അന്വേഷണം അന്ന് സുപ്രധാന ചുമതലയിലുണ്ടായിരുന്ന എ.ഡി.ജി.പിയിലേക്ക്. പ്രത്യേകാന്വേഷണസംഘം(എസ്.ഐ.ടി) എസ്.പി. ഷൗക്കത്തലിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ള പ്രതികള്‍ക്കെതിരേ സസ്പെന്‍ഷനടക്കം കടുത്ത നടപടിയുണ്ടാകുമെന്നും സൂചന.
മര്‍ദനമേറ്റ അന്നത്തെ കെ.എസ്.യു. ജില്ലാ പ്രസിഡന്റും ഇപ്പോള്‍ ആലപ്പുഴ എം.എല്‍.എയുമായ എ.ഡി. തോമസിന്റെ മൊഴി എസ്.ഐ.ടി. ഇന്ന് രേഖപ്പെടുത്തും. ഒത്തുകളിയില്‍ ആരോപണവിധേയനായ എ.ഡി.ജി.പിക്കെതിരേ എസ്.ഐ.ടിക്കു തെളിവുകള്‍ ലഭിച്ചതായും സൂചന. പിണറായി വിജയന് സര്‍ക്കാരില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന എ.ഡി.ജി.പി. ഇടപെട്ട് അന്വേഷണം അട്ടിമറിച്ചെന്ന ആരോപണം ശരിവയ്ക്കുന്ന മൊഴികളാണ് പുറത്തുവരുന്നത്. കേസിലെ ആദ്യ അന്വേഷണോദ്യോഗസ്ഥനായിരുന്ന ആലപ്പുഴ ഡിവൈ.എസ്.പി. സുനില്‍ രാജിനെ തിരുവനന്തപുരം പേരൂര്‍ക്കടയിലുള്ള എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി അന്വേഷണ റിപ്പോര്‍ട്ട് കീറിക്കളഞ്ഞെന്നാണ് ആരോപണം. അതിനുശേഷമാണ്, മര്ദനദൃശ്യങ്ങളടങ്ങിയ വീഡിയോ ലഭ്യമല്ലെന്ന കളവ് പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.
മുമ്പ് കേസ് അന്വേഷിച്ച ഡിവൈ.എസ്.പിയുടെയും എസ്.ഐമാരുടെയും മൊഴികള്‍ എസ്.ഐ.ടി. രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ പ്രതിഷേധക്കാരെ മര്‍ദിച്ചതു സര്‍വീസ് ചട്ടലംഘനമാണെന്നു കണ്ടെത്തിയ എസ്.ഐ.ടി, ആദ്യ റിപ്പോര്‍ട്ട് മാറ്റിയെഴുതാന്‍ എ.ഡി.ജി.പിയുടെ ഓഫീസില്‍നിന്ന് സമ്മര്‍ദമുണ്ടായെന്ന നിഗമനത്തിലാണ്. എന്നാല്‍, എ.ഡി.ജി.പിയോട് വിശദീകരണം തേടാന്‍ കീഴുദ്യോഗസ്ഥനായ എസ്.പിക്കു കഴിയില്ല. അതിനാല്‍, എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ട് എ.ഡി.ജി.പിയോട് വിശദീകരണം തേടുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് സൂചന. നടപടിയുടെ ആദ്യഘട്ടമായി പ്രതികളായ അനില്‍കുമാര്‍, എസ്. സന്ദീപ് എന്നിവരുള്‍പ്പെടെ നാല് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തേക്കും. എ.ഡി.ജി.പിക്കെതിരേയും നടപടിക്കു സാധ്യതയുണ്ട്. മര്‍ദിച്ച ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ശിപാര്‍ശ ചെയ്ത് അന്നത്തെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ നല്കിയ സ്പെഷല്‍ റിപ്പോര്‍ട്ട് മുന്‍സര്‍ക്കാര്‍ പൂഴ്ത്തിവച്ചതായാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.
പോലീസിന്റെ മൊഴി
നിര്‍ണായകമാകും
കേസ് ഡയറി ഉന്നതോദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തിരുത്തിയെന്നാണ് ആദ്യം അന്വേഷണം നടത്തിയ എസ്.ഐയും പോലീസുകാരും എസ്.ഐ.ടിക്ക് മൊഴി നല്‍കിയത്. മര്‍ദനദൃശ്യങ്ങള്‍ പകര്‍ത്തിയ ജയ്ഹിന്ദ് ചാനല്‍ ക്യാമറാമാന് ജോജി മോന്റെ മൊഴിയും രേഖപ്പെടുത്തി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി സംസ്ഥാന പോലീസ് മേധാവിക്ക് എസ്.ഐ.ടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നവകേരളയാത്രയ്ക്കിടെ 2023 ഡിസംബറില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കസ്റ്റഡിയിലെടുത്തു മാറ്റിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍നിന്ന് ഇറങ്ങിവന്ന ഗണ്മാന് അനില്‍കുമാറും സെക്യൂരിറ്റി ഓഫീസര്‍ എസ്. സന്ദീപും ഉള്‍പ്പടെയുള്ളവര്‍ നീണ്ടവടി ഉപയോഗിച്ച് ഇവരെ ക്രൂരമായി മര്‍ദിച്ചു. തോമസിന്റെ തലയ്ക്കും അജയ് ജുവലിന്റെ കൈക്കും സാരമായ പരുക്കേറ്റു.
സുരക്ഷാജീവനക്കാരുടെ അതിക്രമത്തെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ന്യായീകരിക്കുകയും 'രക്ഷാപ്രവര്‍ത്തന'മെന്നു വിശേഷിപ്പിക്കുകയും ചെയ്തത് വന്രാഷ്ട്രീയവിവാദവുമായി. വി.ഡി സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ കേസ് പുനരന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുകയായിരുന്നു.






