
കോട്ടയം: അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവസമ്പത്തുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കേരള നിയമസഭയുടെ നാഥനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോട്ടയത്തിനും അഭിമാനനിമിഷം. യു.ഡി.എഫിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കാവലാളായി നിന്ന തിരുവഞ്ചൂര്‍ ഭരണ-പ്രതിപക്ഷ നിരകളില്‍ ഒരേപോലെ സ്വീകാര്യനാണ്. എതിരാളികളെ വ്യക്തിപരമായി ആക്ഷേപിക്കാതെ സരസമായ ശൈലിയില്‍ ഒതുക്കുന്ന തിരുവഞ്ചൂരിന്റെ തനത് കോട്ടയം ശൈലി ഏത് പ്രക്ഷുബ്ധ സമയത്തും സഭയ്ക്കുള്ളിലെ തര്‍ക്കങ്ങളുടെ ചൂട് കുറയ്ക്കാന്‍ സഹായിക്കും.
മുന്‍ യു.ഡി.എഫ്. സര്‍ക്കാരുകളുടെ കാലത്ത് ആഭ്യന്തരം, റവന്യു, വിജിലന്‍സ്, വനം, പരിസ്ഥിതി, സിനിമ, കായികം, ഗതാഗതം തുടങ്ങി പതിമൂന്നോളം പ്രധാന വകുപ്പുകള്‍ വിജയകരമായി കൈകാര്യം ചെയ്ത ഭരണപരിചയവുമായാണ് തിരുവഞ്ചൂര്‍ സ്പീക്കര്‍ പദവിയിലേക്ക് എത്തിയത്. സ്പീക്കര്‍ പദവിയിലേക്ക് എത്തുന്നതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഇടതുപക്ഷത്തെ മുതിര്‍ന്ന നേതാക്കളുമായും നല്ല സൗഹൃദം പുലര്‍ത്തുന്നയാളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ, സഭയിലെ വലിയ തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനും ഇരുവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനും സ്പീക്കര്‍ എന്ന നിലയില്‍ തിരുവഞ്ചൂരിന് എളുപ്പത്തില്‍ സാധിക്കും.
എട്ടാം തവണയാണ് തിരുവഞ്ചൂര്‍ എം.എല്‍.എയാകുന്നത്. കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദമുണ്ടാക്കിയ പല കേസുകളിലും ആഭ്യന്തര മന്ത്രിയായിരിക്കെ ഉറച്ചനിലപാടാണ് തിരുവഞ്ചൂര്‍ സ്വീകരിച്ചത്. ടി.പി. ചന്ദ്രശേഖരന് വധക്കേസ് ഇതിനുദാഹരണം. അന്ന് പോലീസ് പരിശോധന കര്‍ശനമാക്കണമെന്ന തിരുവഞ്ചൂരിന്റെ നിര്‍ദേശമാണ് ടി.പിയെ കൊലപ്പെടുത്തിയ സംഘത്തെ അതിവേഗം പിടികൂടാന്‍ കാരണമായത്.ഇത്തവണ മന്ത്രിമാരെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ തിരുവഞ്ചൂരിന്റെ പേരും ആദ്യഘട്ടത്തില്‍ സജീവമായിരുന്നു. എന്നാല്‍, സഭയെ നിയന്ത്രിക്കാന്‍ അനുഭവസമ്പത്തുള്ള മുതിര്‍ന്ന നേതാവ് വേണം എന്ന തീരുമാനത്തില്‍ തിരുവഞ്ചൂരിന്റെ പേര് സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിര്‍ദേശിക്കുകയായിരുന്നു.
കെ.എസ്.യു. കാലഘട്ടം മുതല്‍ കേരളത്തിലെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളെ ആവേശം കൊള്ളിച്ചാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്ന രാഷ്ട്രീയ നേതാവിന്റെ ഉദയം. കോട്ടയം ജില്ലയിലെ തിരുവഞ്ചൂര്‍ എന്ന ഗ്രാമത്തില്‍നിന്നും ഉയര്‍ന്നുവന്ന്, കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായി മാറിയ അദ്ദേഹത്തിന്റെ ജീവിതം കഠിനാധ്വാനത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പാര്‍ട്ടി കൂറിന്റേതുമാണ്.
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സംഘടനയെ അടിത്തട്ടില്‍നിന്നും കെട്ടിപ്പടുത്ത തിരുവഞ്ചൂര്‍ ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ രാഷ്ട്രീയ സഹയാത്രികനായിരുന്നു. 1991-ല്‍ അടൂര്‍ മണ്ഡലത്തില്‍നിന്നും ആദ്യമായി നിയമസഭയിലെത്തിയ തിരുവഞ്ചൂര്‍, പിന്നീട് കോട്ടയത്തേക്ക് ചുവടുമാറ്റി. അടൂര്‍ സംവരണ മണ്ഡലമായതോടെയാണ് ഇത്. തുടര്‍ച്ചയായ വിജയങ്ങളിലൂടെ കോട്ടയത്തിന്റെ ജനനായകനായി തിരുവഞ്ചൂര്‍ മാറി. നിയമസഭയ്ക്കുള്ളില്‍ മുനയൊടിക്കുന്ന ചോദ്യങ്ങളിലൂടെയും വാദങ്ങളിലൂടെയും മികച്ച പാര്ലമെന്റേറിയന് എന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായ ഭരണപരിഷ്കാരങ്ങള്‍ക്കും ജനകീയ നിയമനിര്‍മാണങ്ങള്‍ക്കും നിയമസഭയെ ഒരു മികച്ച വേദിയാക്കി മാറ്റുക എന്ന വലിയ ഉത്തരവാദിത്വമാണ് ഇനി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു മുന്നിലുള്ളത്. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും കൂടുതല്‍ സമയം അനുവദിക്കുന്ന ജനകീയ സ്പീക്കറായി അദ്ദേഹം മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.






