തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സീനിയോരിറ്റി മാനദണ്ഡമാക്കേണ്ടതില്ലെന്നും ഘടകകക്ഷികളുടെ അഭിപ്രായവും എം.എല്‍.എമാരുടെ ഭൂരിപക്ഷവും നോക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
പാര്‍ട്ടിക്കകത്തു പലപ്പോഴും സീനിയോറിറ്റിയൊന്നും നോക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി നിര്‍ണയത്തില്‍ മുസ്ലിംലീഗ് അഭിപ്രായം പറയുന്നതിനെതിരേ കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ വിമര്‍ശനമുയരുന്നതിനിടെയാണ് എതിരഭിപ്രായവുമായി മുരളീധരന് രംഗത്തെത്തിയത്.
ഇതൊരു ഏകകക്ഷിസര്ക്കാര് അല്ല. സഖ്യസര്‍ക്കാര്‍ ആകുമ്പോള്‍ സ്വാഭാവികമായും ഘടകകക്ഷികളുടെ അഭിപ്രായം കൂടി ആരായണം. ജനങ്ങള്‍ അവരുടെ അഭിപ്രായം ഫ്ളക്സുകളിലൂടെ പ്രദര്‍ശിപ്പിക്കുന്നതില്‍ കുഴപ്പമില്ലെന്നു പ്രതികരിച്ച മുരളീധരന്, എന്നാല്‍ ഇതിന്റെയൊന്നും ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. പ്രകടനം നടത്തുന്നതൊന്നും ശരിയല്ലെന്നാണ് അഭിപ്രായം.
ഫ്ളക്സിന്റെ എണ്ണം കൂടിയതുകൊണ്ടോ ജാഥകള്‍ കൂടിയതുകൊണ്ടോ ഒന്നും തീരുമാനമാകില്ല. അതിനു കൃത്യമായ നടപടിക്രമങ്ങളുണ്ട്. 24 മണിക്കൂറിനുള്ളില്‍ അതു പൂര്‍ത്തിയാകുമെന്നാണു ഡല്‍ഹിയില്‍നിന്ന് അറിയുന്നത്. ഹൈക്കമാന്‍ഡിനോടു വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതു പരസ്യപ്പെടുത്താനില്ല. തന്റെ മണ്ഡലത്തിലെ ജനവികാരമാണ് അവരെ അറിയിച്ചതെന്നും കെ. മുരളീധരന് പറഞ്ഞു.






