
തൃശൂര്‍: ചാലക്കുടി പാലം വീണ്ടും അടച്ചതോടെ ഗതാഗത കുരുക്കില്‍ കുടുങ്ങി യാത്രക്കാര്‍. ചാലക്കുടി പുഴക്ക് കുറുകെയുള്ള പഴയ പാലമാണ് ശനിയാഴ്ച പകല്‍ 10 മണിയോടെ അടച്ചത്. പാലത്തിന്റെ ബെയറിങ് മാറ്റുന്നതിനായാണ് പാലം അടച്ചിരിക്കുന്നത്. പ്രവൃത്തികള്‍ക്ക് 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത് .
ദേശീയപാതയില്‍ കിലോമീറ്ററോളം വാഹനങ്ങളുടെ നിര നീണ്ടു. പാലത്തിന്റെ തെക്ക് ഭാഗത്ത് ബെയറിങ് മാറ്റുന്ന പ്രവൃത്തി ആരംഭിച്ചത്. ഏഴ് സ്പാനുകളിലായുള്ള 42 ബെയറിങുകള്‍ മാറ്റും. ജാക്കി ലിവര്‍ ഉപയോഗിച്ച് പാലം ഉയര്‍ത്തിയാണ് ബെയറിങ് ഘടിപ്പിക്കുന്നത്. എന്നാൽ വേനല്‍മഴ ഭീഷണിയാണ്. ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. പൊലീസിന്റെ നേതൃത്വത്തിലാണ് ദേശീയപാതയിലെ ഗതാഗതം നിയന്ത്രിക്കുന്നത്. ഗതാഗത തടസ്സം ഒഴിവാക്കാനായി വാഹനങ്ങള്‍ സമാന്തര റോഡുകളിലൂടെ തിരിച്ചുവിടുന്നുണ്ട്.






