
ജോലിസ്ഥലത്തെ പ്രണയബന്ധങ്ങള്‍ വെറും സ്വകാര്യമായ കാര്യങ്ങളല്ലെന്നും അവ ഉദ്യോഗഗസ്ഥരുടെ കരിയറിലും മാനസികാരോഗ്യത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫോര്‍ബ്സ് അഡ്വൈസറിക്ക് വേണ്ടി വണ്‍പോള്‍ നടത്തിയ പഠനമനുസരിച്ച്, 60 ശതമാനത്തിലധികം മുതിര്‍ന്ന വ്യക്തികളും തങ്ങളുടെ ഔദ്യോഗിക ജീവിതത്തിനിടയില്‍ സഹപ്രവര്‍ത്തകരുമായി പ്രണയത്തിലായിട്ടുണ്ട്. ജോലിസ്ഥലത്തെ നീണ്ട പ്രവൃത്തിസമയവും പുറത്ത് മറ്റ് സാമൂഹിക ബന്ധങ്ങള്‍ക്കായി സമയം ലഭിക്കാത്തതുമാണ് ഭൂരിഭാഗം പേരെയും ഇത്തരം ബന്ധങ്ങളിലേക്ക് നയിക്കുന്നത്.
പരിചിതമായ ചുറ്റുപാടില്‍ ലഭിക്കുന്ന സുരക്ഷിതബോധവും ജോലിയുടെ സമ്മര്‍ദ്ദങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന പങ്കാളിയെ ലഭിക്കുന്നു എന്നതുമാണ് ഓഫീസ് പ്രണയങ്ങളുടെ പ്രധാന ആകര്‍ഷണമായി സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 61 ശതമാനം ആളുകളും തങ്ങള്‍ക്ക് ഓഫീസിന് പുറത്ത് പുതിയ പങ്കാളികളെ കണ്ടെത്താന്‍ സമയം ലഭിക്കുന്നില്ലെന്ന് സമ്മതിച്ചു. കരിയറിലും ഈ ബന്ധങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്; പങ്കാളിക്കൊപ്പം തുടരുന്നതിനായി പകുതിയോളം പേര് തങ്ങളുടെ ജോലി മാറിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഓഫീസ് പ്രണയങ്ങള്‍ പലപ്പോഴും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഗോസിപ്പുകള്‍ക്കും അസൂയയ്ക്കും കാരണമാകുന്നുണ്ട്. 60 ശതമാനം ആളുകളും സഹപ്രവര്‍ത്തകരുടെ പ്രണയത്തെക്കുറിച്ച് ഗോസിപ്പുകള്‍ കേട്ടിട്ടുള്ളവരാണ്. പ്രണയബന്ധങ്ങള്‍ സ്ഥാപനങ്ങളില്‍ സ്വജനപക്ഷപാതത്തിന് ഇടയാക്കുമെന്ന് പകുതിയോളം പേര് വിശ്വസിക്കുന്നുണ്ടെങ്കിലും, ബന്ധത്തിലാകുന്നവരില് 62 ശതമാനവും തങ്ങളുടെ പ്രണയത്തെക്കുറിച്ച് കമ്പനിയുടെ എച്ച്.ആര് വിഭാഗത്തെ ഔദ്യോഗികമായി അറിയിക്കാന്‍ തയ്യാറാകുന്നു എന്നതും ശ്രദ്ധേയമാണ്.
ബന്ധങ്ങള്‍ തകരുന്ന പക്ഷം ജോലിസ്ഥലത്തുണ്ടാകാന് സാധ്യതയുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ മുന്‍കൂട്ടി 'ബ്രേക്ക്അപ്പ് പ്ലാനുകള്‍' തയ്യാറാക്കുന്നവരും കുറവല്ല. സഹപ്രവര്‍ത്തകരുമായി ബന്ധത്തിലേര്പ്പെട്ടവരില് 40 ശതമാനം പേരും തങ്ങളുടെ നിലവിലുള്ള പങ്കാളിയെ വഞ്ചിച്ചവരാണെന്ന ഗൗരവകരമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. എന്നിരുന്നാലും, ജോലിസ്ഥലത്തെ പ്രണയം വിജയകരമായ വിവാഹ ജീവിതത്തിലേക്ക് നയിച്ച നിരവധി ഉദാഹരണങ്ങളും പഠനം മുന്നോട്ടുവെക്കുന്നു. 2,000 അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് ഈ സര്‍വ്വേ നടത്തിയത്.






