
ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ ഒരു സര്‍വകലാശാലയില്‍ പുകവലി കേന്ദ്രത്തില്‍ ബെഞ്ചുകളില്ലാത്തതിനാല്‍ നിന്ന് പുകവലിക്കുന്നത് കഠിനമായ ക്ഷീണമുണ്ടാക്കുന്നുവെന്ന് കാണിച്ച് ഒരു വിദ്യാര്‍ത്ഥി നല്‍കിയ പരാതിയും അതിന് സര്‍വകലാശാലാ അധ്യാപകന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌കൂളിന്റെ ഇന്റേണല്‍ ഫീഡ്ബാക്ക് സംവിധാനം വഴി വിദ്യാര്‍ത്ഥി നല്‍കിയ ഔദ്യോഗിക പരാതിയെക്കുറിച്ചുള്ള വാര്‍ത്ത 'സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ്' ആണ് റിപ്പോര്‍ട്ട് ചെയ്തത്.
വിദ്യാര്‍ത്ഥിയുടെ ആവശ്യത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് നീണ്ടൊരു കത്തിലൂടെയാണ് അധ്യാപകന്‍ മറുപടി നല്‍കിയത്. സ്‌മോക്കിംഗ് ഏരിയകള്‍ ബോധപൂര്‍വ്വം തന്നെയാണ് ബെഞ്ചുകളില്ലാതെ രൂപകല്‍പ്പന ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. പുകവലി കേന്ദ്രങ്ങള്‍ ആളുകള്‍ക്ക് ഇരുന്നുകൂടാനും വിശ്രമിക്കാനുമുള്ള സ്ഥലങ്ങളല്ലെന്നും, പുകവലി പെട്ടെന്ന് നിര്‍ത്താന്‍ കഴിയാത്തവര്‍ക്ക് താല്‍ക്കാലികമായി ഉപയോഗിക്കാനും മറ്റുള്ളവരിലേക്ക് പുകയെത്തുന്നത് തടയാനും വേണ്ടി മാത്രമുള്ളതാണെന്നും അധ്യാപകന്‍ ചൂണ്ടിക്കാട്ടി.
നിന്ന് പുകവലിക്കുമ്പോള്‍ തനിക്കുണ്ടാകുന്ന ക്ഷീണത്തെക്കുറിച്ച് പരാതിപ്പെടുന്ന വിദ്യാര്‍ത്ഥി, മറ്റുള്ളവര്‍ ഈ പുക ശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്നത് എത്രത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ചിന്തിക്കണമെന്നും അധ്യാപകന്‍ കത്തില്‍ ഓര്‍മ്മിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ ക്ഷീണത്തിന് കാരണം ബെഞ്ചുകളുടെ കുറവല്ല, മറിച്ച് സിഗരറ്റിനോടുള്ള അമിതമായ ആശ്രയത്വമാണ്. സൗകര്യപ്രദമായി ഇരിക്കണമെന്നുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിക്ക് ലൈബ്രറിയിലോ ക്ലാസ് മുറിയിലോ കളിക്കളത്തിലോ പോകാമെന്നും അധ്യാപകന്‍ നിര്‍ദ്ദേശിച്ചു.
പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും കൗണ്‍സിലിംഗും സര്‍വകലാശാല ഉറപ്പുനല്‍കുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് കത്ത് അവസാനിക്കുന്നത്. അധ്യാപകന്റെ ഈ ശക്തമായ നിലപാടിനെയും യുക്തിപരമായ മറുപടിയെയും അനുകൂലിച്ച് ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.






