
വാണിജ്യാടിസ്ഥാനത്തിലുള്ള തിമിംഗലവേട്ട നിര്‍ത്താന്‍ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഐസ്‌ലന്‍ഡ് സര്‍ക്കാര്‍ വീണ്ടും വേട്ടയ്ക്ക് അനുമതി നല്‍കി. 158 ഫിന്‍ തിമിംഗലങ്ങള്‍, 160 മിന്‍കെ തിമിംഗലങ്ങള്‍ ഉള്‍പ്പെടെ ആകെ 318 തിമിംഗലങ്ങളെ വേട്ടയാടാനാണ് പുതിയ ലൈസന്‍സ്. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഭൂരിഭാഗം രാജ്യങ്ങളും തിമിംഗലവേട്ട നിരോധിച്ചപ്പോഴും ജപ്പാന്‍, നോര്‍വേ, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന ന്യായം ഉന്നയിച്ച് ഇത് തുടര്‍ന്നുപോരുകയാണ്. ഇതില്‍ ലോകത്തേറ്റവും വലിയ വേട്ടക്കാരായ രാജ്യം നോര്‍വേയാണ്.
സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഐസ്‌ലന്‍ഡ് വേട്ടയ്ക്കുള്ള അനുമതി നല്‍കുന്നത്. എന്നാല്‍, ഈ നടപടിക്കെതിരെ മൃഗസ്‌നേഹികളും ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍നാഷനല്‍ പോലുള്ള സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. വേട്ടയ്ക്കിരയാകുന്ന തിമിംഗലങ്ങള്‍ ശരാശരി 11.5 മിനിറ്റെങ്കിലും കടുത്ത വേദന അനുഭവിക്കുന്നുണ്ടെന്നും, ചിലവ ചാവാനായി രണ്ടു മണിക്കൂറോളം സമയമെടുക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് പ്രധാനമായും ഈ ക്രൂരമായ വേട്ട നടക്കുന്നത്.
ഇങ്ങനെ വേട്ടയാടുന്ന തിമിംഗലങ്ങളുടെ മാംസം വന്‍തോതില്‍ ഡിമാന്‍ഡുള്ള ജപ്പാനിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. രാജ്യത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് ഈ വേട്ടയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ഐസ്‌ലന്‍ഡിലെ 51 ശതമാനം പൗരന്മാരും ഈ നടപടിക്ക് എതിരാണ്. ജനവികാരവും കടുത്ത പാരിസ്ഥിതിക ആഘാതവും അവഗണിച്ചുകൊണ്ട് വാണിജ്യലാഭം മുന്‍നിര്‍ത്തി ഐസ്‌ലന്‍ഡ് മുന്നോട്ടുപോകുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിലും വിമര്‍ശനം ശക്തമാണ്.






