
ഏകദേശം 1,400 വര്‍ഷങ്ങള്‍ക്ക് മുമ്പ്, സൂയി രാജവംശത്തിന്റെ പ്രതാപകാലത്താണ് ചരിത്രത്തിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ ഒരു ശവസംസ്കാരം നടന്നത്. ഒമ്പതുവയസ്സുകാരിയായ ലി ജിങ്സൂണ് എന്ന രാജകുമാരിയുടേതായിരുന്നു ആ കല്ലറ. ചൈനയിലെ 'ഏറ്റവും ലാളിച്ചു വളര്‍ത്തപ്പെട്ട കുട്ടി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലി, അതിശക്തമായ ഒരു കുടുംബത്തിലാണ് ജനിച്ചത്. പ്രശസ്ത ജനറലായിരുന്ന ലി സിയാന്റെ കൊച്ചുമകളും മുന്‍ ചക്രവര്‍ത്തിനിയുടെ പ്രിയപ്പെട്ട ചെറുമകളുമായിരുന്ന ലിയെ കൊട്ടാരത്തിലെ സകല സുഖസൗകര്യങ്ങള്‍ക്കും ഇടയിലാണ് വളര്‍ത്തിയത്.
ബുദ്ധിമതിയും കുലീനയുമായ ലി ജിങ്സൂണ് അവളുടെ സ്വഭാവഗുണങ്ങള്‍ കൊണ്ട് കൊട്ടാരത്തില്‍ എല്ലാവര്ക്കും പ്രിയങ്കരിയായിരുന്നു. എന്നാല്‍ എ.ഡി. 608ല്‍ ഉണ്ടായ ഗുരുതരമായ അസുഖം ആ ഒമ്പതുകാരിയുടെ ജീവന് കവര്‍ന്നെടുത്തു. പ്രിയപ്പെട്ട ചെറുമകളുടെ വിയോഗത്തില്‍ തകര്‍ന്നുപോയ മുത്തശ്ശി യാങ് ലിഹുവ, മുതിര്‍ന്ന രാജാക്കന്മാരെപ്പോലും വെല്ലുന്ന രീതിയിലുള്ള ശവസംസ്കാര ചടങ്ങുകളാണ് അവള്‍ക്കായി ഒരുക്കിയത്. ഔദ്യോഗിക ബഹുമതികളോടെ തലസ്ഥാനത്തെത്തിച്ച മൃതദേഹം അതിമനോഹരമായ ഒരു കല്ലറയില്‍ അടക്കം ചെയ്തു.
താമരപ്പൂക്കളും ഡ്രാഗണുകളും കൊത്തിയെടുത്ത, ഒരു കൊട്ടാരത്തിന്റെ മാതൃകയിലുള്ള അപൂര്‍വ്വമായ കല്ലറയിലാണ് അവളെ കിടത്തിയത്. ഈ ശവപ്പെട്ടിക്കു മുകളില്‍ ലോകത്തിന് മുഴുവന്‍ താക്കീതായി ഒരു വാചകം കൊത്തിവെച്ചിരുന്നു: 'ഈ ശവപ്പെട്ടി തുറക്കുന്നവര്‍ മരിക്കും'. മരിച്ചവര്‍ക്ക് നല്കുന്ന ബഹുമാനവും കല്ലറ കൊള്ളയടിക്കപ്പെടാതിരിക്കാനുള്ള ഭയവുമാകാം ഇത്തരമൊരു മുന്നറിയിപ്പിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. നൂറ്റാണ്ടുകളോളം ആരെയും ഭയപ്പെടുത്തുന്ന ഒരു നിഗൂഢതയായി ആ ശവകുടീരം നിലകൊണ്ടു.
1957ല്‍ സിയാനിലെ പുരാവസ്തു ഗവേഷകര്‍ ഈ കല്ലറ കണ്ടെത്തിയപ്പോള്‍ അതിനുള്ളില്‍ കണ്ടത് വിസ്മയിപ്പിക്കുന്ന കാഴ്ചകളായിരുന്നു. മരണാനന്തര ജീവിതത്തില്‍ രാജകുമാരിക്ക് കൂട്ടായി 240-ലധികം അമൂല്യ വസ്തുക്കളാണ് കുടുംബം അവിടെ കരുതിയിരുന്നത്. സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത ആഭരണങ്ങള്‍, പട്ടുതുണികള്‍, ഗ്ലാസ് പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയ്ക്കൊപ്പം പേര്‍ഷ്യയില്‍ നിന്നുള്ള സുഗന്ധദ്രവ്യ കുപ്പികളും അവിടുന്ന് കണ്ടെടുക്കുകയുണ്ടായി. അവളുടെ കുടുംബത്തിന്റെ ആഗോള ബന്ധങ്ങളും അതിരുകളില്ലാത്ത സമ്പത്തുമാണ് ഇതിലൂടെ വെളിവായത്.
രത്നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ്ണക്കിരീടവും അപൂര്‍വ്വമായ കളിപ്പാട്ടങ്ങളുമെല്ലാം ഒരു കുടുംബത്തിന് ആ പെണ്‍കുട്ടിയോടുണ്ടായിരുന്ന തീക്ഷ്ണമായ സ്നേഹത്തിന്റെ അടയാളങ്ങളായി ഇന്നും നിലനില്ക്കുന്നു. ശാപവാക്കുകള്‍ ഭയക്കാതെ ഗവേഷകര്‍ പുറത്തെടുത്ത ഈ പുരാവസ്തുക്കള്‍ നിലവില്‍ ബെയ്ജിങ്ങിലെ നാഷണല്‍ മ്യൂസിയം ഓഫ് ചൈനയില്‍ സംരക്ഷിച്ചിട്ടുണ്ട്. ഒരു കൊച്ചുപെണ്‍കുട്ടിയുടെ അകാലമരണത്തിന്റെ വേദനയും പുരാതന ചൈനയുടെ രാജകീയ പ്രതാപവും ഈ ശവകുടീരം ഇന്നും ലോകത്തോട് വിളിച്ചുപറയുന്നു.






