ജയ്പുര്‍: ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ തോറ്റെങ്കിലും രാജസ്ഥാന് റോയല്‍സിന്റെ ഓപ്പണര്‍ വൈഭവ് സൂര്യവംശി റെക്കോഡ് കുറിച്ചു.
ട്വന്റി20 യില്‍ ഏറ്റവും വേഗത്തില്‍ 100 സിക്സറടിക്കുന്ന താരമെന്ന റെക്കോഡാണു വൈഭവ് കുറിച്ചത്. ഗുജറാത്തിന്റെ പേസര്‍ മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തിയാണു വൈഭവ് പുതിയ ഉയരത്തിലെത്തിയത്. 514 പന്തുകളിലാണു വൈഭവ് 'സിക്സര്‍ സെഞ്ചുറി' കടന്നത്. 100 സിക്സറടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും 15 വയസുകാരനായ വൈഭവാണ്. 16 പന്തില്‍ 36 റണ്ണെടുത്താണു താരം പുറത്തായത്. മൂന്ന് സിക്സറും മൂന്ന് ഫോറും ആ ബാറ്റില്‍നിന്നു പിറന്നു. ഒരു ഐ.പി.എല്‍. സീസണിലെ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്സറടിക്കുന്ന താരവും (30) വൈഭവാണ്്. 2024 സീസണില്‍ 29 സിക്സറടിച്ച അഭിഷേക് ശര്‍മയുടെ റെക്കോഡാണു തകര്‍ന്നത്. അഭിഷേക് ശര്‍മ നിലവിലെ സീസണില്‍ 27 സിക്സറുകളടിച്ചു നില്‍ക്കുകയാണ്. ഗുജറാത്തിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റിന് 229 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത രാജസ്ഥാന് 16.3 ഓവറില്‍ 152 റണ്ണിന് ഓള്‍ഔട്ടായി. നാല് വിക്കറ്റെടുത്ത റാഷിദ് ഖാനും മൂന്ന് വിക്കറ്റെടുത്ത ജാസണ്‍ ഹോള്‍ഡറും ചേര്‍ന്നാണു രാജസ്ഥാനെ തകര്ത്തത്്്. ജയ്പുരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന് നായകന് യശസ്വി ജയ്സ്വാള്‍ ഗുജറാത്തിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നായകന് കൂടിയായ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ (44 പന്തില്‍ മൂന്ന് സിക്സറും ഒന്‍പത് ഫോറുമടക്കം 84), സഹ ഓപ്പണര്‍ സായ് സുദര്ശന് (36 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുമടക്കം 55), വാഷിങ്ടണ്‍ സുന്ദര്‍ (20 പന്തില്‍ മൂന്ന് സിക്സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 37) എന്നിവരാണു ഗുജറാത്തിന്റെ റണ്‍ വേട്ടക്കാര്‍. സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും അടിച്ചുതകര്‍ത്തതോടെ ഗുജറാത്ത് പവര്‍പ്ലേയില്‍ തന്നെ മികച്ച സ്കോറിലെത്തി. ആദ്യ ആറോവറില്‍ 82 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 11-ാം ഓവറില്‍ സായ് സുദര്ശന് പുറത്തായി.





