
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിജയ്ക്കൊപ്പമുള്ള റീൽസും ഇൻസ്റ്റാഗ്രാം പോസ്റ്റുകളും കേന്ദ്രസർക്കാർ തടഞ്ഞുവെന്ന് കോൺഗ്രസ്. എന്നാൽ, ഈ ആരോപണത്തെ തള്ളി കേന്ദ്രസർക്കാർ രംഗത്തുവന്നു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ സഹായിയും കോൺഗ്രസ് നേതാവുമായ ശ്രീവത്സയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ കേന്ദ്രസർക്കാരിനെതിരെ രംഗത്തുവന്നത്. രാഹുൽ ഗാന്ധിയും 'ദളപതി' വിജയും ഒന്നിച്ചുള്ള വീഡിയോ ഒരു മണിക്കൂറിനുള്ളിൽ 12 ദശലക്ഷം കാഴ്ചക്കാരെ നേടിയിരുന്നു. ചിത്രങ്ങൾ ഇതിനോടകം 46 ദശലക്ഷം ആളുകളിലേക്ക് എത്തിക്കഴിഞ്ഞു. ഇത്തരത്തിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രാപ്യമായതിന് പിന്നിൽ ഐടി മന്ത്രാലയത്തിന്റെ നിയമങ്ങളാണെന്ന് ശ്രീവത്സ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ ശബ്ദം അടിച്ചമർത്താനാണ് ഇത്തരത്തിൽ ഇടപെടലുകൾ നടത്തുന്നതെന്നും പറഞ്ഞു.
ഐടി മന്ത്രാലയം രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കാലങ്ങളായി അടിച്ചമർത്തപ്പെടുകയാണെന്നും എക്സ്, യൂട്യൂബ് തുടങ്ങിയവയിലെ കാഴ്ചക്കാരുടെ എണ്ണം കുറയ്ക്കാൻ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്. ഞായറാഴ്ച വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാഹുലും വിജയ്യും ചേർന്ന് ചിത്രങ്ങളും വീഡിയോകളും എടുത്തത്. സോഷ്യൽ മീഡിയയിലൂടെ ഇവ നിരവധി കാഴ്ചക്കാരെ ആകർഷിക്കുന്ന സമയത്താണ് പോസ്റ്റുകൾ അപ്രാപ്യമാകുന്നത്.
ഐടി മന്ത്രാലയത്തിന് ഇതിൽ യാതൊരു പങ്കുമില്ല. ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമിന്റെ ആഭ്യന്തര സംവിധാനത്തിലെ പിഴവ് കാരണം പോസ്റ്റ് തെറ്റായി ഫ്ലാഗ് ചെയ്യപ്പെട്ടതാണ്. നിലവിൽ ഇത് പുനഃസ്ഥാപിച്ചിട്ടുണ്ട് എന്നും ഐടിമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.






