
ന്യൂഡൽഹി: നിറയെ പ്രചാരമുള്ള രണ്ട് ഇംഗ്ലീഷ് നഴ്സറി പാട്ടുകൾക്കെതിരെ ഉത്തർപ്രദേശിലെ ഉന്നത വിദ്യാഭ്യാസമന്ത്രി യോഗേന്ദ്ര ഉപാധ്യായ. “ജോണി ജോണി യെസ് പപ്പ”, റെയിൻ റെയിൻ ഗോ എവേ” എന്നീ പാട്ടുകൾ കുട്ടികളിൽ അസത്യത്തിന്റെ വിത്തുകൾ പാകുമെന്നും ഇവ ഇന്ത്യൻ സംസ്കാരത്തിനും മൂല്യത്തിനും എതിരാണെന്നും മന്ത്രി പറഞ്ഞു.
ഈ ആഴ്ച ആദ്യം ആഗ്രയിൽ നടന്ന ഒരു പരിപാടിയിൽ 'ശിക്ഷാ മിത്ര'ങ്ങളെ (സർക്കാർ പ്രൈമറി സ്കൂളുകളിലെ താൽക്കാലിക അധ്യാപകർ) അഭിസംബോധന ചെയ്യവെയാണ് ഉപാധ്യായ ഈ കവിതകളെക്കുറിച്ച് ആദ്യം സംസാരിച്ചത്. തുടർന്ന് ശനിയാഴ്ച ലഖ്നൗവിലെ പ്രമുഖ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്തപ്പോഴും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു.
ജോണി ജോണി യെസ് പപ്പ, ഈറ്റിംഗ് ഷുഗർ നോ പപ്പ, ടെല്ലിംഗ് ലൈസ് നോ പപ്പ, ഓപ്പൺ യുവർ മൗത്ത് ഹാ ഹാ ഹാ'. ഈ വരികൾ കുട്ടികളെ കള്ളം പറയാൻ പഠിപ്പിക്കുന്നു. ഈ കവിത കൊച്ചുകുട്ടികൾക്ക് തെറ്റായ പാഠങ്ങൾ നൽകുന്നതിനെക്കുറിച്ച് ആരും ഇതുവരെ ചിന്തിച്ചിട്ടില്ല.
നമ്മുടെ സംസ്കാരം എല്ലാവരുടെയും ക്ഷേമത്തിനായി, എല്ലാവരുടെയും സന്തോഷത്തിനായി എന്നതാണ്. എന്നാൽ 'റെയിൻ റെയിൻ ഗോ എവേ, കം എഗൈൻ അനദർ ഡേ, ലിറ്റിൽ ജോണി വാണ്ട്സ് ടു പ്ലേ' എന്ന കവിത കുട്ടികളെ പഠിപ്പിക്കുന്നത് സ്വന്തം സന്തോഷം മാത്രമാണ്. ഇത് നമ്മുടെ സംസ്കാരമല്ല എന്നും ഉപാധ്യായ പറഞ്ഞു.
ഇത്രയും പറയുന്നത് താൻ ഭാഷയ്ക്ക് എതിരായതുകൊണ്ടല്ല. കുട്ടികളിൽ തെറ്റായ സംസ്കാരം വളർത്തുന്ന ഒന്നും അബദ്ധവശാൽ പോലും പഠിപ്പിക്കരുത് എന്ന് ഓർമ്മിപ്പിക്കാനാണ് എന്നും മന്ത്രി പറഞ്ഞു.






