
ചെന്നൈ: മൂന്നു മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു, കീര്‍ത്തന ഇനി മന്ത്രി. വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) പാര്‍ട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ് എസ്. കീര്‍ത്തന(29). വിരുതാചലം ജില്ലയിലെ ശിവകാശി മണ്ഡലത്തില്‍നിന്നാണ് അവര്‍ നിയമസഭയിലെത്തിയത്. അഞ്ച് ഭാഷകളും അവര്‍ക്കറിയാം. 'രാഷ്ട്രീയത്തില്‍ എത്താന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു, അതിനാലാണ് ഞാന്‍ ഒരു രാഷ്ട്രീയ തന്ത്രജ്ഞ എന്ന കരിയര്‍ തെരഞ്ഞെടുത്തത്' - കീര്‍ത്തന മാധ്യമങ്ങളോട് പറഞ്ഞു. 'വിവിധ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചതിലൂടെ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ എങ്ങനെ പെരുമാറുമെന്നും മനസിലാക്കി'- അവര്‍ അറിയിച്ചു.
1996ല്‍ വിരുതാചലത്ത് ജനിച്ച കീര്‍ത്തന, തമിഴ് മീഡിയം സര്‍ക്കാര്‍ സ്കൂളിലാണ് പഠിച്ചത്. രാഷ്ട്രീയ കണ്‍സള്‍ട്ടിങ് രംഗത്ത് കരിയര്‍ തുടങ്ങി. മദ്രാസ് കാമരാജ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളജില്‍നിന്ന് ബി.എസ്സി ഗണിതശാസ്ത്രം പൂര്‍ത്തിയാക്കിയ ശേഷം 2019ല്‍ പുതുച്ചേരി സര്‍വകലാശാലയില്‍നിന്ന് എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് ബിരുദമെടുത്തു. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് രാഷ്ട്രീയ തന്ത്രജ്ഞയായും ഡിജിറ്റല്‍ കാമ്പെയ്ന് സ്ട്രാറ്റജിസ്റ്റായും പ്രവര്‍ത്തിച്ചു. തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി.), തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി), ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) എന്നിവയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അവര്‍ പങ്കാളിയായിരുന്നു.
മുന്‍ മുഖ്യമന്ത്രിമാരായ എം.കെ. സ്റ്റാലിന്, മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരോടൊപ്പം അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു ഭാഷകളില്‍ സംസാരിക്കാനുള്ള കഴിവാണ് അവരെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തയാക്കുന്നത്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, ബംഗാളി ഭാഷകളില്‍ അവര്‍ അനായാസം സംസാരിക്കും. വിജയ്യുടെ സന്ദേശം ഇന്ത്യയിലുടനീളം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഹിന്ദി ഉപയോഗിക്കുമെന്ന് അവര്‍ പറഞ്ഞു.






