
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സി.പി.ഐ. ശക്തമായി ഉന്നയിച്ചതോടെ ഇടതുമുന്നണിയില്‍ പ്രതിസന്ധി. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ടു സി.പി.എം. ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണിത്.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതില്‍ ആവശ്യമെങ്കില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ ഇടപെടുമെന്നു സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി സൂചന നല്കി. വിഷയം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കുകയും കെ.എന്‍. ബാലഗോപാലിനെ ഉപനേതാവാക്കുകയും ചെയ്യണമെന്ന നിര്‍ദേശമാണു സി.പി.എമ്മിനകത്ത് ശക്തമായിരിക്കുന്നത്. എന്നാല്‍, ഇതിനിടെയാണു ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് സി.പി.ഐ. രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ വിട്ടുവീഴചയില്ലെന്നു ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐ ദേശീയ കൗണ്‍സില്‍ യോഗത്തിനു ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഉപനേതാവ് സ്ഥാനം ആവശ്യപ്പെടുന്നതിലൂടെ പിണറായി മാറിനില്‍ക്കണമെന്ന രാഷ്ട്രീയ സന്ദേശമാണ് സി.പി.ഐ. നല്‍കുന്നതെന്നും വിലയിരുത്തപ്പെടുന്നു.
പ്രതിപക്ഷ നേതാവായി പിണറായി വിജയന് തന്നെ തുടരണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ നിലപാട്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിനും ജനറല്‍ സെക്രട്ടറി എം.എ. ബേബിക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടോയെന്ന ചോദ്യവും ഉയരുന്നു.
ഇതിനിടെ വ്യക്തിപൂജയാണ് തിരിച്ചടിക്ക് കാരണമായതെന്ന പരാമര്‍ശവുമായി ബിനോയ് വിശ്വം രംഗത്തെത്തി. വ്യക്തിപൂജ വലിയ പിഴവാണെന്നും തൊഴിലാളി സമരങ്ങളെ അധിക്ഷേപിച്ചത് കമ്യൂണിസ്റ്റ് പാരമ്പര്യമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ആശ പ്രവര്‍ത്തകരുടെ സമരവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വലിയ തെറ്റായിരുന്നുവെന്നും തെരഞ്ഞെടുപ്പ് തോല്‍വി ജനങ്ങളുടെ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.






