
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ വലിയ ചര്‍ച്ച നടക്കുന്ന കോണ്‍ഗ്രസില്‍ അതിന് പിന്നാലെ കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനവും തര്‍ക്കത്തില്‍. ഹൈക്കമാന്റ് നാളെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനിരിക്കെ കെപിസിസി അദ്ധ്യന്റെ കാര്യത്തിലും തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കൊടിക്കുന്നില്‍, ബെന്നി ബെഹന്നാന് എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്.
നിലവിലെ കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് പുതിയ കെപിസിസി നേതാവിനെയും തെരഞ്ഞെടുക്കേണ്ടി വരുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കുടുതല്‍ പറഞ്ഞുകേള്‍ക്കുന്നത് ബെന്നിബഹന്നാന്റെ പേരാണ്. എന്നാല്‍ മുമ്പ് പലപ്പോഴും താന്‍ അവഗണിക്കപ്പെട്ടിരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കൊടിക്കുന്നില്‍ എത്തുന്നത്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയുമായി കഴിഞ്ഞ ദിവസം കൊടിക്കുന്നില്‍ കുടിക്കാഴ്ച നടത്തുകയും കാലാകാലങ്ങളായി താന്‍ അവഗണിക്കപ്പെടുന്നത് ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട സണ്ണിജോസഫ് മന്ത്രിയാകുമെന്ന് തന്നെയാണ് സൂചനകള്‍. അങ്ങിനെയൊരു സാഹചര്യം ഉണ്ടായാല്‍ മാത്രമാണ് കെപിസിസി അദ്ധ്യക്ഷന്‍ മാറേണ്ടതുള്ളു.
ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ മുമ്പ് നിലനിന്നിരുന്ന ഇരട്ടപ്പദവി സംബന്ധിച്ച ചര്‍ച്ചകളും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ കെ.സുധാകരന് മുമ്പ് എംപിയായിരുന്നപ്പോള്‍ കെപിസിസി അദ്ധ്യക്ഷനായത് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മന്ത്രിമാര്‍ ആകുന്ന സാഹചര്യമുണ്ടെങ്കില്‍ മറ്റു കെപിസിസി ഭാരവാഹികളും മാറുമെന്നാണ് വിവരം. ജില്ലാ പ്രസിഡന്റുമാര്‍ക്കും മാറ്റമുണ്ടാകുമെന്ന് കരുതുന്നു.






