
ന്യൂഡൽഹി: രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു ആഹ്വാനവുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരിക്കുന്നത്. "ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്; വിദേശയാത്രകൾ മാറ്റിവെക്കുക; സാധ്യമാകുന്നിടത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുക (WFH)" ഇതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
ഡോളർ ലാഭിക്കുക, ഇന്ത്യയുടെ വിദേശനാണ്യ ശേഖരം (Forex Reserves) സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. ഇറാൻ യുദ്ധവും അതിന്റെ ഫലമായി ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്താണ് ഈ നീക്കം. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം നിലവിൽ ഏകദേശം 690.69 ബില്യൺ ഡോളറാണ്. എന്നാൽ 2026-ഓടെ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് (CAD) 84.5 ബില്യൺ ഡോളറായി വർധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) പ്രവചിക്കുന്നു. ഇതിനർത്ഥം ഇന്ത്യയിലേക്ക് വരുന്ന ഡോളറിനേക്കാൾ കൂടുതൽ പുറത്തേക്ക് പോകുന്നു എന്നാണ്.
ഇന്ത്യ സ്വർണം ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ്. 2026 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 72 ബില്യൺ ഡോളർ വിലമതിക്കുന്ന സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. നാം വാങ്ങുന്ന ഓരോ ഗ്രാം സ്വർണത്തിനും പണം നൽകുന്നത് ഡോളറിലാണ്.
2026 സാമ്പത്തിക വർഷത്തിലെ ആകെ ഇറക്കുമതി 775 ബില്യൺ ഡോളറിന്റെ ആയിരുന്നു ഇതിൽ, ക്രൂഡ് ഓയിൽ 134.7 ബില്യൺ ഡോളർ.
സ്വർണം 72 ബില്യൺ ഡോളർ. ഭക്ഷ്യ എണ്ണ: 19.5 ബില്യൺ ഡോളർ. വളങ്ങൾ 14.5 ബില്യൺ ഡോളർ. അതായത്, ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 10 ശതമാനത്തോളം സ്വർണത്തിന് വേണ്ടിയാണ് ചെലവാക്കുന്നത്. അതുകൊണ്ടാണ് സ്വർണം വാങ്ങുന്നത് കുറയ്ക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചത്.
ഇന്ത്യക്കാർ ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഗണ്യമായി കുറച്ചാൽ സംഭവിക്കുന്നത് ഇനി പറയുന്ന രീതിയിലായിരിക്കും. സ്വർണ ഇറക്കുമതിയിൽ 30-40% കുറവുണ്ടായാൽ 20-25 ബില്യൺ ഡോളർ ലാഭിക്കാം. 50% കുറവുണ്ടായാൽ 36 ബില്യൺ ഡോളർ ലാഭിക്കാം. ഇത് രാജ്യത്തിന്റെ സാമ്പത്തിക കമ്മി പകുതിയോളം കുറയ്ക്കാൻ സഹായിക്കും. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ നിൽക്കുന്ന സാഹചര്യത്തിൽ, ഈ ലാഭിക്കുന്ന ഡോളർ ഇന്ധനം വാങ്ങാൻ ഉപയോഗിക്കാം.
യുഎസ്-ഇറാൻ യുദ്ധം കാരണം എണ്ണവില കുതിച്ചുയരുകയും രൂപ ദുർബലമാവുകയും ചെയ്തു. സാധാരണയായി യുദ്ധസമയങ്ങളിൽ ആളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടാറുണ്ട്. ഇത് ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്ക് വർദ്ധിപ്പിക്കും. ഈ സമ്മർദ്ദം കുറയ്ക്കാനാണ് സ്വർണം വാങ്ങുന്നത് താൽക്കാലികമായി നിർത്താൻ ആവശ്യപ്പെടുന്നത്.
വിദേശയാത്രകളും വിദേശ വിവാഹങ്ങളും മാറ്റിവെക്കാനുള്ള ആഹ്വാനം ട്രാവൽ ഏജൻസികളെയും വിമാനക്കമ്പനികളെയും പ്രതികൂലമായി ബാധിച്ചേക്കാം. ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും വിദേശ വിനോദസഞ്ചാരികളുടെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം, പൊതുഗതാഗതം ഉപയോഗിക്കാനും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാനുമുള്ള ആഹ്വാനം ഇന്ധന ഉപഭോഗം കുറയാൻ കാരണമാകും.






