
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭായോഗം അംഗീകാരം നല്‍കും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയുള്ള നയപ്രഖ്യാപന പ്രസംഗം വരും വെള്ളിയാഴ്ചയാണ് ഗവര്‍ണര്‍ നിയമസഭയില്‍ നടത്തുക. മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രയും വരാനിരിക്കുന്ന പൊതു അവധികളും കണക്കിലെടുത്താണ് മന്ത്രിസഭാ യോഗം ഇന്ന് തന്നെ വിളിച്ചുചേര്‍ത്തിരിക്കുന്നത്.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനൊപ്പം കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള മാനേജ്‌മെന്റ് റിപ്പോര്‍ട്ടും ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ടയാണ്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിയ്ക്ക് മൂന്നുമാസം കൊണ്ട് ടിക്കറ്റ് വരുമാനത്തില്‍ മാത്രം 112 കോടി രൂപയുടെ ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് എംഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കണക്കുകള്‍ ഇന്ന് മന്ത്രിസഭയുടെ മുന്‍പാകെ അവതരിപ്പിക്കുമെന്നും, ക്യാബിനറ്റിന്റെ അന്തിമ അംഗീകാരത്തോടെ മാത്രമായിരിക്കും പദ്ധതി നടപ്പിലാക്കുന്നതിലേക്ക് കടക്കുകയെന്നും വിവരങ്ങളുണ്ട്.






