
സർഗുജ: ഛത്തീസ്ഗഢിലെ സർഗുജ ജില്ലയിൽ നിന്നുള്ള ഈ ഹൃദയഭേദകമായ സംഭവം, സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്ക് തങ്ങളുടെ നിലനിൽപ്പിനായി ചെയ്യേണ്ടിവരുന്ന ത്യാഗങ്ങളെക്കുറിച്ച് തുറന്നുകാട്ടുന്നു. അമ്പത് വയസ്സ് പ്രായമുള്ള ഒരു സ്ത്രീ 90 വയസ്സുള്ള ഭർതൃമാതാവിനെ പിന്നിൽ കെട്ടിയ ഭാണ്ഡത്തിലാക്കി ഒമ്പത് കിലോമീറ്റർ നടന്നു! കത്തുന്ന വെയിലിൽ ഈ സാഹസം കാട്ടുന്നത് 500 രൂപ പെൻഷൻ ലഭിക്കാൻ വേണ്ടിയാണ്!
കത്തുന്ന വെയിലും ചൂടും വകവെക്കാതെ, സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പോലുമുള്ള സാഹചര്യത്തിലാണ് അവർ വയസ്സായ സ്ത്രീയെ ചുമലിലേറ്റി നടന്നത്. ലക്ഷ്യം മറ്റൊന്നുമല്ല, ആ പ്രായമായ സ്ത്രീയുടെ 500 രൂപയുടെ പ്രതിമാസ പെൻഷൻ തുക കൈപ്പറ്റുക. കെവൈസി നടപടികൾ പൂർത്തിയാകാത്തതിനാൽ കഴിഞ്ഞ നാല് മാസമായി പെൻഷൻ ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഇരുവരും ഈ സാഹസത്തിന് മുതിർന്നത്.
ഭർതൃമാതാവിനെ ചുമന്ന സ്ത്രീ കുനിയ മേഖലയിലെ ജംഗൽപാറ ഗ്രാമത്തിൽ താമസിക്കുന്ന സുഖ്മാനിയ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ മെയിൻപാറ്റ് ടൗണിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലേക്കാണ് കാൽനടയായി യാത്ര ചെയ്തത്. വഴിപോക്കനായ ഒരാൾ ഇവരുടെ ഈ ദുരവസ്ഥ ക്യാമറയിൽ പകർത്തിയതിനാലാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. മുൻപ് പെൻഷൻ വീട്ടിൽ എത്തിച്ചു നൽകിയിരുന്നുവെന്നും, എന്നാൽ കെവൈസി രേഖകൾ പുതുക്കാത്തതിനാൽ കഴിഞ്ഞ നാല് മാസമായി പെൻഷൻ മുടങ്ങുകയായിരുന്നുവെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്.
കെവൈസി രേഖകൾ പൂർത്തിയാകാത്തതിനാലാണ് പെൻഷൻ തടസ്സപ്പെട്ടതെന്ന് മെയിൻപാറ്റ് ജൻപദ് പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഖുശ്ബു ശാസ്ത്രി സമ്മതിച്ചു."ജനുവരിയിലാണ് അവസാനമായി പെൻഷൻ വീട്ടിൽ എത്തിച്ചു നൽകിയത്. കെവൈസി നടപടികൾ ബാക്കിയായിരുന്നതിനാൽ കഴിഞ്ഞ നാല് മാസമായി ഇത് മുടങ്ങിക്കിടക്കുകയായിരുന്നു," അവർ പറഞ്ഞു.
ആ സ്ത്രീ ഭർതൃമാതാവിനെ പുറത്തുചുമന്നാണ് ബാങ്ക് ശാഖയിൽ എത്തിയതെന്നും, ബാങ്കിൽ വെച്ച് കെവൈസി നടപടികൾ പൂർത്തിയാക്കിയ ഉടൻ തന്നെ കുടിശ്ശികയായ 2,000 രൂപ ബാങ്ക് അധികൃതർ കൈമാറിയെന്നും അവർ വ്യക്തമാക്കി അടുത്ത മാസം മുതൽ പെൻഷൻ തുക വീട്ടിൽ എത്തിച്ചു നൽകുമെന്ന് ഉദ്യോഗസ്ഥർ ഇവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ഈ വീഴ്ചയിൽ സർക്കാരിനെതിരെ മുൻ ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ് ദേവ് രൂക്ഷമായി വിമർശനമുന്നയിച്ചു. വോട്ട് ചോദിക്കാൻ ജനങ്ങളുടെ വീടുകളിലേക്ക് പോകുന്ന രാഷ്ട്രീയക്കാർ, പ്രായമായവരുടെ പെൻഷൻ അവരുടെ വീടുകളിൽ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.






