
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസ് അനിശ്ചിതത്വം തുടരുന്നതിനിടെ 'നാലാമന്' ചര്‍ച്ചയും സജീവമാകുന്നു. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ക്കിടയിലെ വടംവലി ശക്തമായതോടെ അപ്രതീക്ഷിതമായി മറ്റൊരാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയേക്കുമെന്നും സൂചന.
ഗ്രൂപ്പ് സമവാക്യങ്ങളും സാമുദായിക പരിഗണനകളും സങ്കീര്‍ണമായതോടെ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് നടത്തുന്ന ഓരോ നീക്കവും നിര്‍ണായകമാവുകയാണ്. പ്രമുഖ നേതാക്കള്‍ക്കിടയില്‍ സമവായം സാധ്യമാകാത്ത സാഹചര്യത്തിലാണ് മറ്റു പേരുകള്‍ ഉയര്‍ന്നുവരുന്നത്. എ.കെ. ആന്റണിയുടെ നിലപാടും നിര്‍ണായകമാകും. മുതിര്‍ന്ന നേതാക്കളുടെ നിലപാടുകള്‍ ആരാഞ്ഞ ശേഷം മാത്രമാകും ഹൈക്കമാന്‍ഡ് അന്തിമ പ്രഖ്യാപനം നടത്തുക.
അന്തിമ ചര്‍ച്ചയ്ക്കായി മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരായ കെ. മുരളീധരന്, മുല്ലപ്പള്ളി രാമചന്ദ്രന്, എം.എം. ഹസന്, കെ. സുധാകരന്, മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവരെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. ഇന്നും ചര്‍ച്ച തുടരും. നാളെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ. സുധാകരന് ഒഴികെയുള്ളവര്‍ ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും.
കെ.സി. വേണുഗോപാലിനെ പരസ്യമായി പിന്തുണച്ച കെ. സുധാകരന് ഫോണിലൂടെ അഭിപ്രായം അറിയിക്കും. ഈ നേതാക്കളില്‍ നിന്ന് നേരത്തെ എ.ഐ.സി.സി. നിരീക്ഷകര്‍ അഭിപ്രായം ശേഖരിച്ചതാണ്. ഘടകകക്ഷികക്ഷികളില് നിന്ന് ഹൈക്കമാന്‍ഡ് വീണ്ടും അഭിപ്രായം തേടും. ഇന്നത്തെ ചര്‍ച്ചയില്‍ സംസ്ഥാനത്ത് നിന്നുള്ള എം.പി. കൂടിയായ പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും.
എ.ഐ.സി.സി. സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി പദവിക്കായി രംഗത്തുള്ളത്. ഇതില്‍ ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് വി.ഡി.സതീശനു വേണ്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്നാണു സൂചന.
102 സീറ്റ് നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വം മൂലം വലിയ വിജയം ആഘോഷിക്കാനാവാത്ത അവസ്ഥയിലാണ് ഘടകകക്ഷികളും കോണ്‍ഗ്രസ് നേതാക്കളും. ഘടക കക്ഷി നേതാക്കളില്‍ പലരും അതൃപ്തി പ്രകടിപ്പിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനു സമ്മര്‍ദം കൂടി. ഇതോടെയാണ് ഹൈക്കമാന്‍ഡ് നടപടികള്‍ വേഗത്തിലാക്കിയത്.






