
തിരുവനന്തപുരം: വിഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിന് ലീഗിന്റെ പിന്തുണ തിരിച്ചടിയാവുന്നതായി റിപ്പോർട്ടുകൾ. സതീശനെ സംസ്ഥാനത്തെ ഉയർന്ന പോസ്റ്റിലേക്ക് പരിഗണിക്കുന്നത് ബിജെപിയുടെ കൈയിലെ ആയുധമാക്കാൻ കോൺഗ്രസ് ഉന്നതാധികാര സമിതി തയ്യാറായേക്കില്ല എന്നാണ് ചില വൃത്തങ്ങൾ നൽകുന്ന വിവരം. കോൺഗ്രസ്, പ്രത്യേകിച്ച് വിഡി സതീശൻ പ്രീണന രാഷ്ട്രീയം കളിക്കുന്നു എന്നാണ് ബിജെപി നിരന്തരം ആരോപിക്കുന്നത്.
മുഖ്യമന്ത്രി പദവി ഒഴികെ മറ്റൊന്നിനും വഴങ്ങില്ല എന്ന ശക്തമായ നിലപാടിലാണ് വിഡി സതീശൻ. അതേസമയം കോൺഗ്രസിലെ 63 എംഎൽഎമാരിൽ 47 പേരുടെയും പിന്തുണ ഉറപ്പാക്കിയ കെസി വേണുഗോപാലിലെ തഴയാൻ നേതൃത്വത്തിന് കഴിയില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും മന്ത്രിയായി ഭരണപാടവം തെളിയിച്ച ആളാണ് കെസി. ഈയവസരത്തിൽ ഭരണപരിചയമില്ലാത്ത ആളിനെ പ്രധാന ഘടകകക്ഷി പിന്തുണയ്ക്കുന്നത് കോൺഗ്രസിന് തലവേദനയുണ്ടാക്കുന്നു.
അതേസമയം, നിലപാടിൽ ഉറച്ചുനിന്ന് വേണുഗോപാലിന്റെ മന്ത്രിസഭയിൽ വിഡി സതീശൻ ചേരാതിരിക്കുന്നതും യുഡിഎഫിന് തലവേദനയുണ്ടാക്കും. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചകളിൽ പാർട്ടിയുടെ തീരുമാനം നേതാക്കളെ അറിയിക്കാനായിരിക്കും ശ്രമിക്കുക. ഇത് ഏകപക്ഷീയ തീരുമാനം അല്ല എന്നു വരുത്തേണ്ടതും ഉൾപ്പാർട്ടി പ്രശ്നങ്ങൾ ശാന്തമാക്കാൻ അനിവാര്യമാണ്. സതീശനെ അനുനയിപ്പിക്കാനുള്ള നടപടികൾ ഇപ്പോഴും നടക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.
എത്രയും വേഗം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് മെയ് 15 ഓടെ സത്യപ്രതിജ്ഞ നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.






