
കൊപ്പല്‍: ഹൈദരാബാദിലെ അഞ്ജനാദ്രി കുന്നിലെ ക്ഷേത്രത്തിലേക്ക് കാണിക്കയായി സ്വര്‍ണാഭരണങ്ങളെന്ന് അവകാശപ്പെട്ടു സമര്‍പ്പിച്ചത് ചെമ്പുപൂശിയ വസ്തുക്കളെന്നു കണ്ടെത്തല്‍. പരിശോധനയിലാണ് 2.5 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളില്‍ അധികവും ചെമ്പാണെന്നു വ്യക്തമായത്. ഹൈദരാബാദ് സ്വദേശിയായ വ്യവസായി മഹേഷ് റെഡ്ഡി കഴിഞ്ഞ എട്ടിനാണ് ഹനുമാന്റെ ജന്മംകൊണ്ടു പവിത്രമായതെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തു സ്ഥാപിച്ചിരിക്കുന്ന ക്ഷേത്രത്തിലേക്ക് സ്വര്ണനിര്മിത വസ്തുക്കളെന്ന് അവകാശപ്പെട്ട് സംഭാവന നല്‍കിയത്.
ഒരു പ്രഭാവലി, ചക്രം, ഗദ എന്നിവയാണു കാണിക്കയായി സമര്‍പ്പിച്ചത്. ഗംഗാവതി എം.എല്‍.എ: ഗാലി ജനാര്‍ദന റെഡ്ഡിക്കൊപ്പമാണു വ്യവസായി ക്ഷേത്രം സന്ദര്‍ശിച്ചത്. തന്റെ ഉറ്റഅനുയായി 2.5 കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ ഹനുമാനു സമര്‍പ്പിച്ചതായി ജനാര്‍ദന റെഡ്ഡി പ്രസ്താവിക്കുകയും ചെയ്തു. ആഭരണങ്ങള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് സ്വീകരിക്കുന്നതിനുമുമ്പ് ജില്ലാ അധികൃതര്‍ നടത്തിയ പരിശോധനയാണു കള്ളി വെളിച്ചത്താക്കിയത്. ആഭരണങ്ങളില്‍ 28 ഗ്രാം സ്വര്‍ണം മാത്രമേയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
ബാക്കി ഭാഗങ്ങള്‍ ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്നും പറയുന്നു. സംഭവം വിവാദമായതോടെ വ്യവസായി പ്രതിക്കൂട്ടിലായി. ആഭരണങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകളോ അവയുടെ ആധികാരികത തെളിയിക്കുന്ന രേഖകളോ സമര്‍പ്പിക്കാന്‍ വ്യവസായിക്കു കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാണിക്ക സമര്‍പ്പിച്ചയാളുടെ അഭ്യര്‍ഥനപ്രകാരം രണ്ടുദിവസം മാത്രമാണ് ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്ത്തിയിരുന്നതെന്നു ക്ഷേത്രം അധികൃതര്‍ പറഞ്ഞു.






