
പൂര്‍ണിമയുടെ അച്ഛന് മോഹന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷമാക്കി കുടുംബം. ഇത്തവണത്തെ മാതൃദിനത്തിലാണ് അച്ഛന്റെ ജന്മദിനവും വന്നത് എന്ന പ്രത്യേകതയും ഈ ആഘോഷത്തിനുണ്ടായിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പകര്‍ത്തിയ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
‘അച്ഛന്റെ എണ്‍പതാം പിറന്നാള്‍ മാതൃദിനത്തില്‍ ആഘോഷിക്കുന്നു ’എന്ന അടിക്കുറിപ്പോടെയാണ് പൂര്‍ണ്ണിമ ചിത്രങ്ങള്‍ പങ്കുവെച്ചത് . കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് അതീവ സ്റ്റൈലിഷ് ലുക്കിലാണ് കുടുംബാംഗങ്ങള്‍ ചിത്രത്തിലുളളത്. പൂര്‍ണിമയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം ഭര്‍ത്താവ് ഇന്ദ്രജിത്ത്, മക്കളായ പ്രാര്‍ഥന, നക്ഷത്ര, സഹോദരി പ്രിയ മോഹന്‍, ഭര്‍ത്താവ് നിഹാല്‍ പിളള , മകന് എന്നിവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന് ലഭിക്കുന്ന കമന്റുകളില്‍ ഭൂരിഭാഗവും ഇന്ദ്രജിത്തിന്റെ ലുക്കിനെക്കുറിച്ചാണ്. എല്ലാവരും ക്യാമറയ്ക്ക് മുന്നില്‍ ഗൗരവമേറിയ മോഡല്‍ പോസുകള്‍ നല്കുമ്പോള്, ഇന്ദ്രജിത്ത് മാത്രം വളരെ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് നില്‍ക്കുന്നതാണ് ആരാധകരെ ചിരിപ്പിക്കുന്നത്.
പൂര്‍ണിമയുടെ സഹോദരി പ്രിയ മോഹനും അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിരുന്നു.‘ എണ്‍പതാം ജന്മദിനാശംസകള് ഡാഡി .ഇന്ന് എനിക്ക് വളരെ പ്രത്യേകതയുള്ള ദിവസമാണ്. എന്റെ അച്ഛന്റെ ജന്മദിനവും മാതൃദിനവും ഒരുമിച്ച് ആഘോഷിക്കുന്നു. ഇത്രയും സ്നേഹനിധികളായ മാതാപിതാക്കളുടെ മകളായി ജനിച്ചതില്‍ ഞാന്‍ അങ്ങേയറ്റം അനുഗൃഹീതയാണ്. ഒരാള്‍ എനിക്ക് കരുത്ത് നല്കിയപ്പോള് മറ്റെയാള്‍ എനിക്ക് അളവറ്റ സ്നേഹം നല്കി. അവര്‍ രണ്ടുപേരും ചേര്‍ന്ന് എനിക്ക് ഏറ്റവും മനോഹരമായ ഒരു ജീവിതം സമ്മാനിച്ചു.
നമ്മള് കുഞ്ഞുങ്ങളായിരിക്കുമ്പോള്‍, നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും സന്തോഷം കാണാനുമായി മാതാപിതാക്കള്‍ ഉറക്കമില്ലാത്ത രാത്രികളില്‍ നമുക്കായി പ്രാര്‍ത്ഥിക്കുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. പകരമായി ഒന്നും പ്രതീക്ഷിക്കാതെ അവര്‍ നമ്മളെ അവരുടെ ലോകമാക്കി മാറ്റുന്നു. എന്നാല്‍ കാലക്രമേണ ജീവിതം മാറിമറിയുന്നു; അവര്‍ക്ക് പ്രായമേറുന്നു, അവര്‍ അവശരാകുന്നു. അന്ന് അവര്‍ നമ്മളെ എങ്ങനെയാണോ ചേര്‍ത്തുപിടിച്ചത്, അതുപോലെ തന്നെ അവരെ നമ്മുടെ പ്രാര്‍ത്ഥനകളില്‍ ചേര്‍ത്തുപിടിക്കേണ്ട ഊഴം നമ്മുടേതാകുന്നു.
അച്ഛന്റെ ഈ ജന്മദിനത്തില്, എന്റെ മാതാപിതാക്കള്‍ ആരോഗ്യത്തോടും സന്തോഷത്തോടും ദീര്‍ഘായുസ്സോടും കൂടി ഇരിക്കണമെന്നു മാത്രമാണ് ദൈവത്തോടുള്ള എന്റെ പ്രാര്‍ത്ഥന. അവര്‍ പുഞ്ചിരിച്ചു കാണുന്നതും അവര്‍ സുരക്ഷിതരാണെന്ന് അറിയുന്നതുമാണ് ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്റെ ഹൃദയത്തിന് അതുമാത്രം മതി. ഐ ലവ് യു ഡാഡി’ എന്നായിരുന്നു മകന് വര്ധാനൊപ്പമുളള അച്ഛന്റെ വീഡിയോ പങ്കുവെച്ച് പ്രിയ കുറിച്ചത്.






