
ചെന്നൈ: നാടകീയ നീക്കങ്ങള്‍ നടക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തില്‍ വിജയ് അധികാരമേറ്റതിന് പിന്നാലെ എഐഎഡിഎംകെയില്‍ പിളര്‍പ്പ്. നിയമസഭയില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക വിശ്വാസ വോട്ടെടുപ്പില്‍ വിജയ് യ്ക്ക് പിന്തുണയുമായി എഐഎഡിഎംകെയിലെ ഒരു വിഭാഗം രംഗത്തെത്തിയതോടെ മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി (ഇപിഎസ്) പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു.
മുതിര്‍ന്ന നേതാവ് എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയ് യ്ക്ക് പിന്തുണ കൊടുക്കുന്ന കാര്യം ആലോചിക്കുന്നത്.
ഏകദേശം 30 ഓളം നിയമസഭാംഗങ്ങള്‍ വേലുമണി പക്ഷത്തെ പിന്തുണയ്ക്കുന്നു. ഡിഎംകെയുടെ പിന്തുണയോടെ അധികാരം പിടിക്കാനുള്ള ഇപിഎസിന്റെ നിര്‍ദ്ദേശം ഭൂരിഭാഗം എംഎല്‍എമാരും തള്ളിയതായി സി.വി. ഷണ്മുഖം അറിയിച്ചു. ജനവിധി മാനിച്ചുകൊണ്ട് ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കാനാണ് എഐഎഡിഎംകെ നിയമസഭാ കക്ഷിയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.പി. വേലുമണിയെ എഐഎഡിഎംകെ നിയമസഭാ കക്ഷി നേതാവായും ജി. ഹരിയെ ഉപനേതാവായും തിരഞ്ഞെടുത്തു. പാര്‍ട്ടി പിളര്‍ത്താന്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്നും എഐഎഡിഎംകെയുടെ നിലനില്പ്പിലാണ് തങ്ങളുടെ ആശങ്കയെന്നും എസ്.പി. വേലുമണി പറഞ്ഞു. 234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് വിജയിന്റെ ടിവികെ 2026-ലെ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്നത്.
കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ ആവശ്യമായിരുന്നു. കോണ്‍ഗ്രസിന്റെയും മറ്റ് ചെറുകക്ഷികളുടെയും പിന്തുണ നേരത്തെ തന്നെ വിജയിന് ലഭിച്ചിരുന്നു. ഇപ്പോള്‍ വേലുമണി പക്ഷത്തിന്റെ കൂടി പിന്തുണ ലഭിക്കുന്നതോടെ ടിവികെയുടെ അംഗബലം 150-ന് അടുത്തെത്തും. ഇത് ഈ ആഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിന്റെ നില ഭദ്രമാക്കും.
ജയലളിതയുടെ നിര്യാണത്തിന് ശേഷം എഐഎഡിഎംകെ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയാണിത്. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ഇരുവിഭാഗങ്ങളും വെവ്വേറെയായി എത്തിയത് ഭിന്നത രൂക്ഷമാണെന്നതിന്റെ തെളിവായിരുന്നു. വിജയ് ഇന്ന് തന്നെ സി.വി. ഷണ്മുഖവുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.






