
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള നിർണായക യോഗം സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജൻപഥ് റോഡിൽ ആരംഭിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്ന് ഇന്ന് വൈകിട്ട് ഡൽഹിയിൽ എത്തിച്ചേരും. പരിപാടികൾ റദ്ദാക്കി ഖർഗെ എത്തുന്നത് നിർണായക പ്രഖ്യാപനത്തിനാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
അതേസമയം, അനുകൂലിക്കുന്ന എംഎൽഎ മാരുടെ എണ്ണമായിരിക്കും അന്തിമ മാനദണ്ഡം എന്ന വാർത്തകളും പുറത്തുവരുന്നു. കേരളത്തിൽ നിന്ന് ഡൽഹിയിൽ എത്തിയ പത്ത് നേതാക്കളിൽ എട്ട് പേരും കെസി വേണുഗോപാലിനാണ് പിന്തുണ നൽകുന്നത് എന്നാണ് വിവരം. അടൂർ പ്രകാശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നു എന്നും വി എം സുധീരൻ വിഡി സതീശനെ പിന്തുണയ്ക്കുമ്പോൾ രണ്ടാമത്തെ മുൻഗണന നൽകുന്നത് ചെന്നിത്തലയ്ക്കാണ്. വിഡി സതീശനെ പിന്തുണയ്ക്കുന്ന രണ്ടാമൻ കെ മുരളീധരനാണെന്നാണ് സൂചന.
ജനവികാരം മാനിക്കണമെന്നാണ് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ നിലവിൽ അസാധാരണ സാഹചര്യമെന്ന് എന്ന് എം എം ഹസൻ അഭിപ്രായപ്പെട്ടു. തീരുമാനം ഇനി വൈകരുത് എന്നും ഘടകകക്ഷികൾക്ക് ഇതിൽ കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. നിലപാടിൽ ഉറച്ചു നിൽക്കുമെന്നും അത് ഹൈക്കമാൻഡിനെ അറിയിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. കൂടുതൽ എംഎൽഎമാർ പിന്തുണയ്ക്കുന്നവർ മുഖ്യമന്ത്രി ആവണം എന്നല്ലേ നിലപാട് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘അതെ’ എന്നായിരുന്നു സുധാകരന്റെ മറുപടി. ഹൈക്കമാൻഡിൽ പൂർണ വിശ്വാസമാണെന്നും ആരോടും വിധേയത്വമില്ല എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.






