
ബോളിവുഡ് താരം മൗനി റോയിയും ഭര്‍ത്താവ് സൂരജ് നമ്പ്യാരും വിവാഹമോചനത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. നാലു വർഷത്തെ ദാമ്പത്യത്തിനു ശേഷം ദമ്പതികൾ വേർപിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
2022 ജനുവരിയിൽ ഗോവയിൽ വെച്ചായിരുന്നു മലയാളിയായ സൂരജും ബംഗാളി വംശജയായ മൗനിയും തമ്മിലുള്ള വിവാഹം നടന്നത്. മലയാളി, ബംഗാളി പാരമ്പര്യങ്ങൾ പ്രകാരമുള്ള ചടങ്ങളുകളോടെയായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പരസ്പരം അണ്‍ഫോളോ ചെയ്തെങ്കിലും മൗനിയുടെ പ്രൊഫൈലില്‍ അവരുടെ വിവാഹ ചിത്രങ്ങളും സൂരജുമൊത്തുളള നിരവധി പോസ്റ്റുകളും ഇപ്പോഴും അതുപോലെ ഉണ്ട്. സൂരജ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നി മൗനിയോടൊപ്പമുള്ള ചിത്രങ്ങളും നീക്കിയതായാണ് വിവരം.
അതേസമയം വിവാഹമോചന വാർത്തകളോട് മൗനിയോ സൂരജോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മൗനം പാലിക്കുന്ന രീതിയാണ് നിലവിൽ ഇരുവരും പിന്തുടരുന്നത്.
മിനി സ്ക്രീൻ പ്രേക്ഷകർക്കും സിനിമാപ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് മൗനി റോയ്. 'നാഗീൻ' എന്ന ഹിന്ദി സീരിയലാണ് മൗനിയെ പ്രശസ്തയാക്കിയത്. 'നാഗകന്യക' എന്ന പേരിൽ സീരിയൽ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി.
അക്ഷയ് കുമാർ നായകനായ 'ഗോൾഡ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു. കെജിഎഫിന്റെ ഹിന്ദി റീമേക്കിൽ 'ഗലി ഗലി' എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു.
റോമിയോ അക്ബർ വാൾട്ടർ, മെയ്ഡ് ഇൻ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങൾ. റൺബീർ കപൂർ - ആലിയ ഭട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ബ്രഹ്മാസ്ത്ര'യുടെ ഒന്നാം ഭാഗത്തിലും മൗനി വേഷമിട്ടിരുന്നു






