
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപത്തെ റേസ് കോഴ്സ് റോഡിലെ ചേരി ഒഴിപ്പിക്കാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി. നിലവിലെ ചേരി പ്രദേശത്ത് നിന്നും 45 കിലോമീറ്റർ അകലെയുള്ള സവ്ദ ഖേര എന്ന സ്ഥലത്ത് പുനരധിവാസം ഉറപ്പാക്കാൻ കോടതി നിർദ്ദേശിച്ചു. രണ്ടാഴ്ചത്തെ സമയമാണ്ചേരിപ്രദേശത്ത് താമസിക്കുന്നവർക്ക് സ്വയം ഇവിടെ നിന്ന് ഒഴിഞ്ഞുപോകാൻ കോടതി നൽകിയിരിക്കുന്നത്.
ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. അനധികൃതമായാണ് ചേരിപ്രദേശത്ത് ആളുകൾ താമസിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷ മുൻനിർത്തി കേന്ദ്രസർക്കാർ ഉയർത്തിയ വാദങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് പറഞ്ഞ കോടതി, ഇത്തരം ഭരണപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നും വ്യക്തമാക്കി.
സൈനിക കേന്ദ്രത്തിൻ്റെ അടുത്തും അതീവ സുരക്ഷാ മേഖലയിലുമാണ് ചേരിയെന്നാണ് കേന്ദ്രം കോടതിയിൽ വാദിച്ചത്. ആഗോള തലത്തിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഈ ചേരി വലിയ സുരക്ഷാ വെല്ലുവിളി ഉയർത്തുന്നതാണെന്നും കേന്ദ്രം പറഞ്ഞു.






