
12 വർഷത്തോളമായി എല്ലാ വിഷുവിനും സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്ന ഒരു വീഡിയോയുണ്ട്. പടക്കം കൊളുത്താൻ ശ്രമിക്കുന്നതിനിടെ അയൽവാസി ബഹളമുണ്ടാക്കിയപ്പോൾ പേടിച്ച് തിരിഞ്ഞോടുകയും റോഡിലെ സ്ലാബിൽ വീഴുകയും ചെയ്ത ഷിബന്‍ ലാല്‍ എന്ന വ്യക്തിയുടെ വീഡിയോയാണിത്. വൈറലായ ഈ വീഡിയോ കണ്ട് 12 വർഷത്തോളം കേരളം ചിരിച്ചു. ഈ വൈറൽ രംഗം 'വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്' എന്ന സിനിമയിൽ പുനരാവിഷ്കരിച്ചപ്പോഴാണ് ആ വ്യക്തിയുടെ ശരിക്കുമുള്ള മാനസികാവസ്ഥ കേരളമറിഞ്ഞത്. അതോടെ ഷിബന്‍ലാല്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.
സിനിമയില്‍ ഈ സീന്‍ അവതരിപ്പിച്ച് കൈയടി നേടിയതും നൊമ്പരപ്പെടുത്തിയതും മലയാളത്തിന്റെ പ്രിയതാരം ബിജുക്കുട്ടനായിരുന്നു. ഷിബന്ലാലിനെ താന്‍ അന്വേഷിച്ചു നടക്കുകയായിരുന്നെന്നും കണ്ടെത്തിയെന്നതുമടക്കം ബിജുക്കുട്ടന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതോടെ അഭിമുഖങ്ങളിലടക്കം ഷിബന്‍ലാല്‍ തിളങ്ങിത്തുടങ്ങി. തന്റെ അപ്പോഴത്തെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് പറയാന്‍ ഷിബന്ലാലിന് അവസരം ലഭിച്ചു.
ഇപ്പോഴിതാ കേരളം ചിരിച്ച സമയത്ത് താന്‍ കടുത്ത വേദനയിലായിരുന്നെന്നും മകന്റെ മാനസികാരോഗ്യത്തെ പോലും ആ സംഭവം ദോഷകരമായി ബാധിച്ചെന്നും പറയുകയാണ് ഷിബന്‍ലാല്‍. വീഴ്ചയിൽ തനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു, അന്ന് സഹായത്തിന് ആരും വരാതിരുന്നത് വലിയ വേദനയുണ്ടാക്കിയെന്നും ഷിബന്‍ലാല്‍ പറയുന്നു.
‘‘എന്നോട് ആൾക്കാർ കാണിക്കുന്ന ഒരു ക്രൂരതയായിരുന്നു അത്. എന്നെ സംബന്ധിച്ചിടത്തോളം പടം എന്റെ ഒരു ലൈഫിന്റെ ഒരു പാർട്ടായി തന്നെ എനിക്ക് പറയാൻ പറ്റും. ബിജുക്കുട്ടൻ അഭിനയിച്ച ആ കഥാപാത്രം ശരിക്കും എന്റെ ലൈഫിൽ സംഭവിച്ചതാണ്.
മകന്റെ കൂട്ടുകാർ വീട്ടിൽ വരിക അങ്ങനെയുള്ള കാര്യങ്ങൾ എല്ലാം തന്നെ എന്റെ ലൈഫിലുള്ളതാണ്. അദ്ദേഹം ചെയ്തത് അദ്ദേഹത്തിന്റെ മകനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് അതിനകത്ത്. അതുതന്നെയാണ് ഞാനും ചെയ്തത്.
ഗുണ്ട് എന്ന ആ പടക്കം... ഒത്തിരി വലുതാണത്, ഒത്തിരി ഡേയ്ഞ്ചറുമാണ്. ഞാനത് പൊട്ടിക്കാൻ തയ്യാറായി. പൊട്ടി നിൽക്കുന്ന സീൻ എടുത്തിട്ട് അവിടെ ഹാപ്പി വിഷു എന്നുമൊക്കെ പറഞ്ഞ് എഴുതി കാണിക്കാം എന്നുള്ളതായിരുന്നു ഞങ്ങളുടെ ഉദ്ദേശം.
അന്ന് ഞാൻ സ്ലിപ്പറാണ് ഇട്ടേക്കുന്നത്. ആ സ്ലിപ്പറിന്റെ അറ്റം മടങ്ങി ഞാൻ റോഡിൽ... അതായത് സ്ലാബും റോഡും കൂടി ചേരുന്ന ഭാഗത്ത് വീഴുകയാണ് ചെയ്തത്. ആ വീഴ്ചയിൽ ശരിക്കും ഇന്നത്തെ ഒരു അവസ്ഥയിലാണെങ്കിൽ ഞാൻ മരിച്ചുപോയേനെ.
നെഞ്ചടിച്ചു വീഴുകയും എന്റെ കാല് രണ്ടും തള്ളവിരൽ രണ്ടും ഉരഞ്ഞു പൊളിഞ്ഞ് നഖം പൊളിഞ്ഞ് വിരൽ പൊളിയുന്ന ഒരു അവസ്ഥയിലേക്കൊക്കെ എത്തി.
പക്ഷേ ഇതെല്ലാം കണ്ടിട്ടും ആരും എന്നെ എടുക്കാൻ വന്നില്ല. എന്റെ മകൻ ഒഴിച്ച്... അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനാണ് ഓടിവന്നത്. മാനസികമായി എന്നെയത് ഒരുപാട് ഹർട്ട് ചെയ്തു. ഇപ്പൊ തന്നെ എനിക്ക് അത് പറയുമ്പോൾ സങ്കടം വരും.
ഓരോ വിഷു വരുമ്പോഴും അല്ലെങ്കിൽ ഒരു ദീപാവലി വരുമ്പോഴും ഞാൻ എന്റെ ഫോൺ ഓഫ് ചെയ്യും. ഞാൻ എന്റെ ഭാര്യ വീട്ടിൽ പോകില്ല, പുറത്തോട്ട് ഇറങ്ങില്ല. മിക്കവാറും എന്റെ റൂമിൽ തന്നെ ഇരിക്കാറുള്ളൂ. എന്നെ കാണാനായിട്ട് അന്ന് യൂട്യൂബർമാർ ഒരുപാട് പേര് വരും. അവർ എന്നെ കാണാതാകുമ്പോൾ ആ റോഡും ആ മതിലും എല്ലാം ഷൂട്ട് ചെയ്ത് എടുത്തോണ്ട് പോകും.
പക്ഷേ ഞാൻ അനുഭവിച്ച വിഷമം അത് ആരും എന്നോട് ചോദിച്ചിട്ടുമില്ല, ആരും പറഞ്ഞിട്ടുമില്ല.
അതിലെല്ലാമുപരി എന്നെ വിഷമിപ്പിച്ചത് എന്റെ മകനുണ്ടായ ബുദ്ധിമുട്ടാണ്. അവന്റെ കൂട്ടുകാർ ഇത് പറഞ്ഞ് കളിയാക്കുമായിരുന്നു. അവസാനം അവനെ കൗൺസിലിംഗിന് കൊണ്ടുപോകേണ്ടി വന്നു. നല്ലോണം പഠിക്കുന്ന കൊച്ചായിരുന്നു, കൊച്ച് വിദ്യാഭ്യാസത്തിൽ പുറകോട്ടുപോയി, പുറത്തോട്ട് ഇറങ്ങാതെയായി, അങ്ങനത്തെ ഒരു മാനസികമായ ബുദ്ധിമുട്ടൊക്കെ അവനുണ്ടായിരുന്നു. ഇതുകൊണ്ടുള്ള ദോഷം എന്തുതന്നെയെന്നു പറഞ്ഞാലും ഞാൻ മരിക്കുവോളം ഇത് എന്നെ പിന്തുടർന്നുകൊണ്ടേയിരിക്കും... ’’ ഷിബൻലാൽ വേദനയോടെ പറഞ്ഞു.
ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഷിബന്‍ലാല്‍ മനസ്സ്പ തുറന്നത്.
കെ.എസ്.ആർ.ടി.സി.യിൽ ഡ്രൈവറാണ് ഷിബൻലാൽ. മകനെ സന്തോഷിപ്പിക്കാനാണ് ഷിബൻ അന്ന് പടക്കം പൊട്ടിക്കാൻ തയ്യാറായത്. തിരികൊളുത്താൻ ശ്രമിക്കുന്നതിനിടയിൽ അയൽക്കാരിലൊരാൾ ഉറക്കെ ശബ്ദമുണ്ടാക്കിയതോടെ പടക്കം പൊട്ടിയെന്ന് കരുതി തിരിഞ്ഞോടിയ ഷിബൻ റോഡും സ്ലാബും ചേരുന്ന ഭാഗത്ത് വീഴുന്നത് വീഡിയോയിലൂടെ കേരളം മുഴുവൻ കണ്ടതാണ്.






